ന്യൂദല്‍ഹി: ദയാവധം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരുണ ഷാന്‍ബോഗിന്റെ സുഹൃത്ത് സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ ഏതെല്ലാം കേസുകളില്‍ ദയാവധം അനുവദിക്കാം എന്നതിനെക്കുറിച്ച് സുപ്രീംകോടതി ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേക കേസുകളില്‍ നിഷ്‌ക്രിയ ദയാവധം ഹൈക്കോടതിയുടെ അനുമതിയോടെ ആകാമെന്നും സുപ്രീംകോടതി പറഞ്ഞു.

അരുണ ഷാന്‍ബോഗിന്റെ കേസ്
ബലാല്‍സംഗ ശ്രമത്തിനിടെ മസ്തിഷ്‌കമരണം സംഭവിച്ച് 37 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയാണ് അരുണ ഷാന്‍ബോഗ്. തുടര്‍ന്ന് ഷാന്‍ബോഗിന്റെ സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകയുമായ പിങ്കി വിരാനി ആണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് ആശുപത്രിയില്‍ നേഴ്‌സായി ജോലിചെയ്യവേയേ 1973ലാണ് തൂപ്പുകാരന്‍ ഷാന്‍ബോഗിനെ മാനഭംഗപ്പെടുത്തിയത്. തുടര്‍ന്ന് ഷാന്‍ബോഗിനെ കൊലപ്പെടുത്താനും ശ്രമം നടന്നു. മസ്തിഷ്‌കമരണം സംഭവിച്ച ഷാന്‍ബാഗ് 37 വര്‍ഷമായി ജീവച്ഛവമായി കിടക്കുകയാണ്.

കേസില്‍ ദയാവധം അനുവദിക്കേണ്ടതില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗുലാം വഹന്‍വതി സ്വീകരിച്ചത്. മരുന്നുകള്‍ക്കോ മെഡിക്കല്‍ സയന്‍സിനോ ഇനി ഷാന്‍ബാഗിനെ രക്ഷിക്കാനാകില്ലെന്നും ദയാവധത്തിന് അനുമതി നല്‍കണമെന്നും പിങ്കി വിരാനിയുടെ അഭിഭാഷകന്‍ സുഭംഗി തുല്ലി സുപ്രീംകോടതിയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് സുപ്രീംകോടതി നിരാകരിക്കുകയായിരുന്നു.