എഡിറ്റര്‍
എഡിറ്റര്‍
‘സ്പിരിറ്റി’ന് വിനോദനികുതി വേണ്ട
എഡിറ്റര്‍
Tuesday 26th June 2012 9:28am

തിരുവനന്തപുരം: മദ്യപാന ശിലത്തിനെതിരെ ബോധവത്കരണം പ്രമേയമാക്കുന്ന  ‘സ്പിരിറ്റ്’ എന്ന ചിത്രത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി എം.കെ.മുനീര്‍ നിയമസഭയില്‍ പറഞ്ഞു. മദ്യത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുന്ന ചിത്രമാണിതെന്നു മുനീര്‍ വ്യക്തമാക്കി.

മദ്യവിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ബോധവത്കരണം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്. സ്പിരിറ്റിന് വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ സബ്മിഷനിലൂടെ നിര്‍ദേശിക്കുകയായിരുന്നു.

എം.എല്‍.എയുടെ നിര്‍ദേശം പരിഗണിച്ച് ഈ ചിത്രമൊരുക്കിയ രഞ്ജിത്  മോഹന്‍ലാല്‍ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

സ്പിരിറ്റിന് സര്‍ക്കാര്‍ തലത്ത് നിന്ന് വന്‍പിന്തുണയാണ് ലഭിക്കുന്നത്. നേരത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി സ്പിരിറ്റ് ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കണമെന്നു ആവശ്യപ്പെട്ട് കേന്ദ്രവാര്‍ത്താ വിതരണമന്ത്രി അംബികാ സോണിക്ക് കത്തയച്ചിരുന്നു.

മദ്യത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന മലയാളി സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് സ്പിരിറ്റ്. ബാങ്ക് ഉദ്യോഗവും മാധ്യമപ്രവര്‍ത്തനവുമൊക്കെ മടുത്ത് ഇംഗ്ലീഷ് കഥയെഴുത്തിലും ഘോ ദ സ്പിരിറ്റ് എന്ന ടിവി പരാപാടി അവതാരകനായും ജീവിതം തള്ളിനീക്കുന്ന രഘുനന്ദന്റെ കഥയാണ് സ്പിരിറ്റ് പറയുന്നത്.

മോഹന്‍ലാലിന് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, നന്ദു, തിലകന്‍, കനിഹ , ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. വേണുവിന്റെ ഛായാഗ്രഹണവും ഷഹബാസ് അമന്റെ സംഗീതവും ചിത്രത്തിന് മിഴവേകുന്നു.

Advertisement