എഡിറ്റര്‍
എഡിറ്റര്‍
എസ്.ജെ.ഡി-കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയില്‍ തീരുമാനമായില്ല
എഡിറ്റര്‍
Friday 7th March 2014 12:23pm

veerendra-kumar

തിരുവനന്തപുരം: ലോക്‌സഭ സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് ജനത ചര്‍ച്ചയില്‍ തീരുമാനമായില്ല. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ചര്‍ച്ചയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

പത്താം തീയതി വീണ്ടും ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തും. അന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് സോഷ്യലിസ്റ്റ് ജനത അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.

വടകരയോ വയനാടോ വേണമെന്ന കാര്യത്തില്‍ എസ്.ജെ.ഡി ഉറച്ചു നില്‍ക്കുകയാണ്. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായതിനാല്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സിറ്റിംഗ് സീറ്റ് വിട്ടുനല്‍കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും കോണ്‍ഗ്രസ് എസ്.ജെ.ഡി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പാലക്കാടോ ആറ്റിങ്ങലോ വിട്ടു നല്‍കാമെന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ തന്നെ വേണമെന്ന് എസ്.ജെ.ഡി നിലപാടെടുത്തു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് വിട്ടു നല്‍കാമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശവും എസ്.ജെ.ഡി തള്ളി. ഇതോടെയാണ് ഇന്നത്തെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.

ക്ലിഫ് ഹൗസില്‍ ഇന്ന് രാവിലെയാണ് എസ്.ജെ.ഡിയുമായി സീറ്റ് ചര്‍ച്ച നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisement