തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജിന്റെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ സമ്മേളനത്തില്‍ ശെല്‍വരാജ് സബ്മിഷനിലൂടെ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. അന്ന് പൊതുമരാമത്ത് മന്ത്രി പണം നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.

പിന്നീടതില്‍ നടപടി സ്വീകരിക്കാത്തതായി കണ്ടതിനെ തുടര്‍ന്ന് വീണ്ടും ശെല്‍വരാജ് സബ്മിഷനിലൂടെ പ്രശ്‌നം അവതരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അന്ന് നല്‍കിയിരുന്ന ഉറപ്പുകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായി. അതേതുടര്‍ന്നാണ് അടിയന്തരമായി പണം അനുവദിച്ചത്. നാല് ദിവസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് 20 കോടിയോളം രൂപയാണ് മണ്ഡലത്തില്‍ അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര എം.എല്‍.എയും സിപിഎം നേതാവുമായ ശെല്‍വരാജ് രാജിവെച്ചത്. ഇത് കുതിരക്കച്ചവടമാണെന്നാരോപിച്ച് സി.പി.ഐ.എം രംഗത്ത് വന്നിരുന്നു. നെയ്യാറ്റിന്‍കരയിലെ സി.പി.ഐ.എം എം.എല്‍.എ ആര്‍ സെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ ചരടുവലിച്ചത് ചിഫ് വിപ്പ് പി.സി ജോര്‍ജ്ജാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാന്‍ നടക്കുന്ന ചില കോണ്‍ട്രാക്ടര്‍മാര്‍ അദ്ദേഹത്തിന്റെ പോക്കറ്റിലേക്ക് പണം വച്ചുകൊടുത്തെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാന്‍ എത്ര പണം വേണമെങ്കിലും ചെലവഴിക്കാം എന്നുപറഞ്ഞ് ചില കോണ്‍ട്രാക്ടര്‍മാര്‍ നടക്കുന്നുണ്ടെന്നും വി.എസ് ആരോപിച്ചു.

തീവ്രവാദിയെന്നും പാക് ചാരനെന്നും മുദ്രകുത്തി വിജിലന്‍സ് ജഡ്ജിയെ ഉമ്മന്‍ചാണ്ടിയും പി.സി ജോര്‍ജും ചേര്‍ന്ന് രാജിവെപ്പിച്ചിരുന്നു. അതേ പോലെ ശെല്‍വരാജിന്റെ രാജിക്ക് പിന്നിലും ജോര്‍ജാണ്.  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കണമെന്ന് പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്. ശെല്‍വരാജിന് പണം നല്‍കിയതും അവരാണെന്നായിരുന്നു വി.എസ്സിന്റെ പ്രതികരണം.

എന്നാല്‍ പ്രായംമൂലം വി.എസ്സിന്റെ ബുദ്ധി മരവിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. ബുദ്ധി മരവിച്ചതുകൊണ്ടാണ് താന്‍ സെല്‍വരാജിന് പണം നല്‍കിയെന്ന് അദ്ദേഹം പറയുന്നത്. സെല്‍വരാജിനെപ്പോലെ വി.എസ്സിനും പാര്‍ട്ടി വിടേണ്ടിവരും. അന്നും പി.സി ജോര്‍ജ്ജ് പണം നല്‍കിയിട്ടാണ് സി.പി.ഐ.എം വിട്ടതെന്ന് പറയരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English