തിരുവനന്തപുരം: നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ വനംവകുപ്പിന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വനംമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. വിവാദ ഭൂമി വനഭൂമി തന്നെയാണെന്ന തന്റെ നിലപാട് ശരിയാണെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

Ads By Google

നെല്ലിയാമ്പതിയിലേത്‌ പാരിസ്ഥിതിക പ്രശ്‌നം കൂടിയാണ്. നെല്ലിയാമ്പതിയുള്‍പ്പെടെയുള്ള വനഭൂമികളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.

വനഭൂമിയുടെ കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെടണം. വ്യക്തിഹത്യകൊണ്ട് തന്നെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഒളിമ്പിക്‌സ് ചടങ്ങില്‍ പങ്കെടുത്തശേഷം ലണ്ടനില്‍ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മന്ത്രി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.

അതേസമയം കുടിയേറ്റക്കാരായ കര്‍ഷകര്‍ക്കൊപ്പം ഉറച്ചുനില്‍ക്കാന്‍ കേരളാകോണ്‍ഗ്രസ് (എം) നേതൃത്വയോഗം തീരുമാനിച്ചു കഴിഞ്ഞു. കുടിയേറ്റക്കാരായ കര്‍ഷകരെ ഇറക്കിവിടരുതെന്നാണ് പാര്‍ട്ടി നിലപാടെന്ന് കേരളാകോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ചിട്ടുണ്ട്.

നെല്ലിയാമ്പതി ഉള്‍പ്പെടെ വനഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കുന്ന കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത സമീപനത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നെന്നും ഈ സമീപനത്തില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ടുപോകണമെന്ന നിലപാടില്‍ മാറ്റമില്ലെന്നുമാണ് വി.ഡി സതീശനും പ്രതാപനും ഇന്നലെ പറഞ്ഞത്.

നെല്ലിയാമ്പതിയില്‍ നടന്നത് തികഞ്ഞ നിയമലംഘനമാണ്. തങ്ങള്‍ പരിസ്ഥിതി തീവ്രവാദികളല്ല. ചെറുകിട കുടിയേറ്റ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് തങ്ങള്‍ക്ക്. പക്ഷേ, ഭൂമാഫിയയുടെ പ്രവര്‍ത്തനവും നിയമലംഘനവും അനുവദിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.