എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടി മുസ്‌ലീം യുവാവിനൊപ്പം പോയ സംഭവത്തില്‍ വര്‍ഗീയ മാനങ്ങളില്ല: പോലീസ്
എഡിറ്റര്‍
Friday 22nd June 2012 8:12am

കൊച്ചി: പിതാവിനെ ശുശ്രൂഷിക്കാന്‍ ആശുപത്രിയില്‍ നിന്ന പെണ്‍കുട്ടിയെ കാണാതായ സംഭവത്തിന് പിന്നില്‍ വര്‍ഗീയ, രാഷ്ട്രീയ മാനങ്ങളില്ലെന്ന് സര്‍ക്കാര്‍. മതം മാറ്റല്‍ ലക്ഷ്യത്തോടെ പ്രണയക്കുരുക്കില്‍പ്പെടുത്തി മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവ് കോഴിക്കോട് സ്വദേശി ഉണ്ണികൃഷ്ണന്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് വിശദീകരണം നല്‍കിക്കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് സംഭവത്തിന് പിന്നില്‍ വര്‍ഗീയ മാനങ്ങളില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

കോഴിക്കോട് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാറാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ആറു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് കമ്മീഷണര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഹാരിസിന് മുസ്ലീം വര്‍ഗീയ സംഘടനകളുമായി ബന്ധമുണ്ടെന്നും അവരുടെ അജണ്ടയുടെ ഭാഗമായി തട്ടിക്കൊണ്ടുപോയി മതം മാറ്റിയിരിക്കാമെന്നതും ഹരജിക്കാരന്റെ സംശയം മാത്രമാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന കാലത്ത് പെണ്‍കുട്ടി യാത്ര ചെയ്തിരുന്ന ബസിലെ ക്ലീനറായിരുന്നു യുവാവ്. സ്ഥിരം കാണാറുണ്ടായിരുന്ന ഇവര്‍ പിന്നീട് പ്രണയത്തിലായി. ഹോമിയോ വിദ്യാര്‍ഥിനിയായിരിക്കുന്ന സമയത്ത് കഴിഞ്ഞ ഏപ്രിലിലാണ് പെണ്‍കുട്ടി ഈ യുവാവിനൊപ്പം പോയത്. അന്ന് ഉണ്ണികൃഷ്ണന്‍ പെണ്‍കുട്ടിയെ കാണാതായതായി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെയും യുവാവിനെയും പിടികൂടി കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഹാരിസിനൊപ്പം വിവാഹം കഴിച്ച് ജീവിക്കാനാണ് തനിക്ക് ആഗ്രഹമെന്നായിരുന്നു പെണ്‍കുട്ടി കോടതിയെ അറിയിച്ചത്.

പെണ്‍കുട്ടിയുമായി കൂടുതല്‍ ആശയവിനിമയം നടത്തിയ കോടതി അമ്മാവനൊപ്പം വിടുകയായിരുന്നു. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതോടെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താമെന്ന് ഇരു രക്ഷിതാക്കളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കൊപ്പം പെണ്‍കുട്ടി മടങ്ങിയതെന്ന് പിതാവ് നല്‍കിയ ഹരജിയിലും പറയുന്നുണ്ട്.

എന്നാല്‍ ജൂണ്‍ 6ന് അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവിനെ ശുശ്രൂഷിക്കാന്‍ നിന്ന പെണ്‍കുട്ടിയെ ഒമ്പതാംതീയതി മുതല്‍ കാണാതായി. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവിനൊപ്പമുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഇടപെട്ട്  തടഞ്ഞതിനാല്‍ പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും ഹരജിക്കാരന് വേണ്ടി സഹോദരന്‍ വിജയകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിദേശത്ത് നിന്നെത്തിയ ഹാരിസിന്റെ സഹോദരനും തട്ടിക്കൊണ്ടുപോകലില്‍ പങ്കുണ്ടെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.

ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അതേസമയം, സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ അന്വേഷണം സംബന്ധിച്ച വിശദാംശങ്ങളില്ലെന്ന് വ്യാഴാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന് എതിര്‍ വിശദീകരണം നല്‍കാന്‍ ഹരജിക്കാരന് ഈ മാസം 26 വരെ സമയം അനുവദിച്ചു. കേസ് വീണ്ടും 26ന് പരിഗണിക്കും.

Advertisement