തിരുവന്തപുരം: തന്നെ കാമഭ്രാന്തനും ഞരമ്പ് രോഗിയുമെന്ന് വിശേഷിപ്പിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഓരോരുത്തരും അവരുടെ സംസ്‌കാരത്തിനനുസരിച്ചാണ് സംസാരിക്കുന്നതെന്നും വി.എസ് തിരുവന്തപുരത്ത് പ്രതികരിച്ചു. കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവനയോട് വി.എസിന്‌  കൂടുതലെന്തെങ്കിലും പറയാനുണ്ടെങ്കില്‍ നാളെ പറയുമെന്നു  അടുത്ത വൃത്തങ്ങള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം ഗണേഷ് കുമാറിന്റെ പ്രസ്താവനയെ രൂക്ഷമായി അപലപിച്ച് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് അടക്കമുള്ള ഇടതുപക്ഷ യുവജന സംഘടനകള്‍ രംഗത്തെത്തി. പ്രസ്താവന അങ്ങേയറ്റം ഹീനവും ഗണേഷിന്റെ സംസ്‌കാരം വെളിപ്പെടുത്തുന്നതുമാണെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇടത് പക്ഷ യുവജനസംഘടന മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.

മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പത്തനാപുരത്തും ഓച്ചിറയിലും കുറ്റിയാടി വേളയത്തും പ്രകടനം നടത്തി. ഗണേഷ് കുമാറിനെതിരെ നടപടി വേണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷനും വി.എസിനെതിരായ പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫും ആവശ്യപ്പെട്ടു.

വി.എസിന് കാമഭ്രാന്തും ഞരമ്പ് രോഗവും: മന്ത്രി ഗണേഷ് കുമാര്‍