ന്യൂദല്‍ഹി: ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ബ്ലാക്ക്‌ബെറി മൊബൈല്‍ സുരക്ഷാഘടനയില്‍ മാറ്റം വരുത്തില്ലെന്ന് നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിയായ ഡിസംബര്‍ 31നകം റിം പുതിയ സുരക്ഷാസംവിധാനം കൊണ്ടുവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ റിമ്മും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള പ്രശ്‌നം വര്‍ധിക്കുമെന്നാണ് സൂചന.

ബ്ലാക്ക്‌ബെറി ഈ-മെയില്‍, മെസ്സേജിംഗ് എന്നീ സംവിധാനങ്ങള്‍ നിരീക്ഷിക്കാനുതകുന്ന സംവിധാനം രൂപീകരിക്കണമെന്നായിരുന്നു റിമ്മിന് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ തങ്ങളുടെ സേവനങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണെന്നും രാജ്യങ്ങളുടെ താല്‍പ്പര്യമനുസരിച്ച് അത് മാറ്റാനാകില്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.