എഡിറ്റര്‍
എഡിറ്റര്‍
വടകരയിലും എറണാകുളത്തുമടക്കം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമില്ലെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Tuesday 11th March 2014 3:59pm

cpim

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഭിപ്രായ വ്യത്യാസം ഉയരുന്ന  വടകരയിലും എറണാകുളത്തുമടക്കം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. അതേ സമയം ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കമ്മറ്റിയോട് അഭിപ്രായം തേടാനും  ധാരണയായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ വികാരവും കേരളാ കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായ വ്യത്യാസവും മുതലെടുക്കനായിരുന്നു ഇടുക്കി സീറ്റ് ഒഴിച്ചിട്ടിരുന്നത്. കേരളാ കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടത് പിന്തുണയോടെ മത്സരിച്ചേക്കാവുന്ന സാഹചര്യവും വിലയിരുത്തപ്പെട്ടിരുന്നു.

കോണ്‍ഗ്രസ്സിലേയും ബി.ജെ.പിയിലേയും മുതിര്‍ന്ന നേതാക്കളുമായി അടുത്തബന്ധമുള്ള മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍  എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഒരു പ്രമുഖ വ്യവസായിയുടെ ബിനാമിയാണെന്ന ആരോപണവും ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെ ഉയര്‍ന്നിരുന്നു. പകരം പ്രമുഖ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്്യന്‍ പോളിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിന്നു.

വടകരയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ നേതാവ് എ.എന്‍ ഷംസീറിനെതിരെ ജില്ലാ കമ്മറ്റിയില്‍ ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായി വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ.എം ഏറെ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ ഒരു പ്രധാന മണ്ഡലമാണ് വടകര. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ഭിന്നിച്ച് രൂപം കൊണ്ട ആര്‍.എം.പിയുടെ നേതാവ് ചന്ദ്രശേഖരന്റെ കൊലപാതകവും, ഏറെ കാലം തുടര്‍്ച്ചയായി  ജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ നഷ്ടപ്പെട്ടതും വടകര സി.പി.ഐ.എമ്മിന് നിര്‍ണ്ണായകമാക്കുന്നുണ്ട്.

എന്നാല്‍ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തോടെ സ്ഥാനര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റമുണടാകില്ലെന്ന ഉറച്ച തീരുമാനമാണ് പുറത്ത് വന്നിരിക്കുന്നത.

Advertisement