മുംബൈ: ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയില്‍ സമരം നടത്തിയ നഴ്‌സുമാര്‍ക്ക് ഇത്തവണ ബോണസ് നല്‍കേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. ദീപാവലി ദിവസത്തിന് മുന്‍പ് ലഭിക്കാറുണ്ടായിരുന്ന ബോണസ് സമരം നടത്തിയ ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല.

സാധാരണ ദീപാവലി ദിനത്തിന് മുമ്പ് ബോണസ് ലഭിക്കാറുണ്ടെന്നും എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്നും സമരത്തില്‍ പങ്കെടുത്ത നഴ്‌സ് പറഞ്ഞു. സമരം ദീപാവലിയോടനുബന്ധിച്ചായിരുന്നു. അതിനാല്‍ ഈ വര്‍ഷം ബോണസ് തരേണ്ടെന്നായിരിക്കാം മാനേജ്‌മെന്റിന്റെ തീരുമാനമെന്ന് നഴ്‌സുമാര്‍ പറയുന്നു.

ചെറിയ തുകയാണ് ഇവിടെ ബോണസായി ആശുപത്രി അധികൃതര്‍ നല്‍കാറുള്ളത്. ഒരു വര്‍ഷം ആയവര്‍ക്ക് 2000 രൂപ വരെയും അതിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയുമാണ് ബോണസ്.

സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാഞ്ഞതില്‍ മനംനൊന്ത് ഒരു മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് ഇവിടെ നഴ്‌സുമാരുടെ പ്രതിഷേധം ആരംഭിച്ചത്. നാലു ദിവസം നീണ്ടുനിന്ന സമരം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു ഉപാധികളുമില്ലാതെ തിരിച്ചുനല്‍കുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്നാണ് അവസാനിച്ചത്.

സമരത്തിനുശേഷം ഇവിടെ നിന്ന് രാജിവെച്ചവരില്‍ ബഹുഭൂരിപക്ഷം നഴ്‌സുമാരും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ ഇവിടെത്തന്നെ തിരികെ പ്രവേശിച്ചു.