ന്യൂദല്‍ഹി: മാവോവാദിബന്ധം ആരോപിച്ച് അറസ്റ്റിലായ പി.യു.സി.എല്‍ പ്രവര്‍ത്തകനും ഡോക്ടറുമായ ബിനായക് സെന്നിന് ഛത്തീസ്ഗഡ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മാവോയിസ്റ്റ് ബന്ധമുള്ള സെന്നിന് ജാമ്യം നല്‍കുന്നതിനെ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

അഡീ.അഡ്വ.ജനറല്‍ കിഷോര്‍ ബദുരിയാണ് സര്‍ക്കാറിനായി കോടതിയില്‍ ഹാജരായത്. ബിനായക് സെന്‍ വെറുമൊരു ഡോക്ടര്‍ മാത്രമല്ലെന്നും മാവോവാദികളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്നും ബദുരി കോടതിയില്‍ വാദിച്ചു. സെന്നിന്റെ വീട്ടില്‍നിന്നും പിടിച്ചെടുത്ത രേഖകള്‍ അദ്ദേഹവും മാവോയിസ്റ്റുകളുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്നും അഡ്വ.ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു.

പ്രശസ്ത അഭിഭാഷകനായ രാംജെത് മലാനിയാണ് ബിനായകത് സെന്നിനായി കോടതിയില്‍ വാദിച്ചത്. സെന്നിന്റെ കാര്യത്തില്‍ രാഷ്ട്രീയവിചാരണയാണ് നടക്കുന്നതെന്നും അദ്ദേഹത്തിനെതിരായ തെളിവുകള്‍ ദുര്‍ബ്ബലമാണെന്നും രാംജെത് മലാനി വാദിച്ചു.

മാവോയിസ്റ്റ് നേതാവ് നാരായണ്‍ സന്യാലിനും വ്യവസായി പീയുഷ് ഗുഹയ്ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്ന കേസിലാണ് സെന്നിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.