Categories

അസാറാമിന് ജാമ്യമില്ല, മൂന്നാം വട്ടവും കോടതി അപേക്ഷ നിരസിച്ചു

asaram-bapu

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ അസാറാം ബാപ്പുവിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു.

എഴുപത്തിരണ്ടുകാരനായ ബാപ്പുവിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോര്‍ട്ടാണ് ഉത്തരവിട്ടത്.

ഇത് മൂന്നാം തവണയാണ് കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിക്കുന്നത്. ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതിന് ശേഷം ആദ്യമായി സമര്‍പ്പിച്ച ജാമ്യ ഹരജി കൂടിയായിരുന്നു ഇത്.

നേരത്തെ കീഴ്‌ക്കോടതിയും ഹൈക്കോടതിയും ബാപ്പുവിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ആ സാഹചര്യങ്ങളില്‍ നിന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിയ്ക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കൗണ്‍സലായ പ്രത്യൂമന്‍ സിങ് കോടതിയി്ല്‍ വാദിച്ചു.

അതേസമയം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേല്‍ വാദം പുരോഗമിക്കുകയാണ്.

അസാറാമിന് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജിയില്‍ ഇന്നും വാദം തുടരും.  എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതം തന്റെ ഡോക്ടറെ സെല്ലില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഇത് പിന്‍വലിച്ചു.

സെല്ലില്‍ തന്നെ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹരജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Tagged with: