എഡിറ്റര്‍
എഡിറ്റര്‍
മഅദനിക്ക് ജാമ്യമില്ല: വിദഗ്ധ ചികിത്സക്ക് നിര്‍ദേശം
എഡിറ്റര്‍
Monday 18th November 2013 2:49pm

madani

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് സുപ്രീം കോടതി.

മഅദനിയെ വിദഗ്ധ ചികിത്സക്ക് വിധേയനാക്കണമെന്ന് കോടതി പറഞ്ഞു. ചികിത്സക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ചികിത്സക്കുള്ള ചിലവുകള്‍ കര്‍ണാടക സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മണിപ്പാല്‍ ആശുപത്രിയിലായിരിക്കും മഅദനിക്ക് ചികിത്സ ഒരുക്കുക. ചികിത്സാ സമയത്ത് കുടുംബാംഗങ്ങളെ കാണാന്‍ അനുമതിയുണ്ടാകും.

മഅദനിക്ക് ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ വിചാരണക്കായി വീണ്ടും ബാംഗ്ലൂരില്‍ വരാന്‍ വൈകുമെന്നും ഇത് കനത്ത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ മഅദനിയുടെ ആരോഗ്യ നില വളരെ മോശമാണെന്നും വിചാരണ പോലുമില്ലാതെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതര വര്‍ഷവും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ രണ്ടര വര്‍ഷവും ജയിലില്‍ കിടന്ന മഅദനിക്ക് ഇനിയെങ്കിലും ജാമ്യം അനുവദിക്കണമെന്നും മഅദനിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടു.

മഅദനിയുടെ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് കേരളം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഒരു നിയമ വിഷയമാണെന്നും സംസ്ഥാനം അഭിപ്രായപ്പെട്ടിരുന്നു.

 

Advertisement