കൊച്ചി: ഷൊര്‍ണൂരില്‍ സി.പി.ഐ.എം വിമത സ്ഥാനാര്‍ഥി എം.ആര്‍. മുരളിക്ക് യുഡിഎഫ് പിന്തുണ നല്‍കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ശാന്താ ജയറാം തന്നെ മത്സരിക്കും. ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യനെ മാറ്റാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.

നേരത്തെ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ എം.ആര്‍. മുരളിക്ക് പിന്തുണ നല്‍കാന്‍ യു.ഡി.എഫില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവിടെ സ്ഥാനാര്‍ഥിയായി ശാന്താ ജയറാമിനെ നിശ്ചയിച്ചു. എന്നാല്‍ ശാന്താജയറാമിനെ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് വരികയായിരുന്നു.

ഉടുമ്പന്‍ ചോലയില്‍ ജോസിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം തുടരുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജോസിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കോണ്‍ഗ്രസ് പ്രാദേശിക ഘടകം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പത്ത് മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഇന്നലെ രാജിവക്കുകയും ചെയ്തിരുന്നു.