നടന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയെ കിട്ടാനില്ല. നവാഗത സംവിധായകന്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ശ്രീനിവാസന്‍ ചിത്രത്തിനാണ് നായികയെ കിട്ടാതെ വലയുന്നത്. ചിത്രത്തില്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ശ്രീനിവാസന്റെ കഥാപാത്രം. ശ്രീനിവാസന്റെ ഭാര്യാ കഥാപാത്രം ചെയ്യാനാണ് നായികയെ കിട്ടാതായിരിക്കുന്നത്.

രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി അഭിനയിക്കാനുള്ള മടി കാരണം മുന്‍നിര നായികമാരെല്ലാം ഈ പ്രൊജക്ട് നിരസിക്കുകയാണ്. മമ്മി ആന്റ് മീയുടെ സംവിധായകനായ ജിത്തുജോസഫാണ് ഈ ചിത്രത്തിനുവേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അമ്മവേഷത്തില്‍ അഭിനയിക്കാന്‍ നടിമാരാരും തയ്യാറാവുന്നില്ലെന്ന കാര്യവും ജിത്തുതന്നെയാണ് വെളിപ്പെടുത്തിയത്. മമ്മി ആന്റ് മി എടുത്തപ്പോഴും താന്‍ ഈ പ്രശ്‌നം നേരിട്ടിരുന്നതായി ജിത്തു തുറന്നുപറഞ്ഞു. കഥാപാത്രം താന്‍ ചെയ്യാമെന്ന് പറഞ്ഞ് ഉര്‍വശി മുന്നോട്ടുവന്നതിനു ശേഷമാണ് പ്രോജ്ക്ടുമായി മുന്നോട്ടുപോയതെന്നും ജിത്തു വ്യക്തമാക്കി.

ശ്രീനിവാസന്‍ ഒരു സി ക്ലാസ് തിയേറ്ററിന്റെ ഉടമയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു സി ക്ലാസ് തിയ്യേറ്റര്‍ നടത്തികൊണ്ടുപോകാന്‍ ഒരു സാധാരണക്കാരന്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം തുറന്നുകാട്ടുന്നത്. മണിയന്‍പിള്ള രാജു, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നേരത്തേയും ചില ചിത്രങ്ങളില്‍ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ നായികമാരെ കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. നേരത്തേ കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തില്‍ കലാഭാവന്‍ മണിയുടെ നായികയാവാന്‍ നായികമാര്‍ തയ്യാറാവുന്നില്ലെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ചലച്ചിത്രലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.