ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി മാറ്റിവെച്ചു. സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ തത്ക്കാലം നടപടിയെടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.

Ads By Google

വി.എസിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സി.പി.ഐ.എം കേരള ഘടകം സ്വീകരിച്ച നടപടിക്ക് അംഗീകാരം കൊടുക്കുന്നതില്‍ പോളിറ്റ് ബ്യൂറോയില്‍ ഇന്നലെ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.

കേന്ദ്രകമ്മറ്റിയില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി, ബാലകൃഷ്ണന്‍, എം.എ.ബേബി തുടങ്ങിയവര്‍ വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയുള്ള നടപടിക്ക് അംഗീകാരം നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു.

ആന്ധ്രയില്‍നിന്നുള്ള ബി.വി.രാഘവുലുവും ഈ നിലപാടിനെ പിന്തുണച്ചു. എന്നാല്‍, ബംഗാളില്‍നിന്നുള്ളവരും സീതാറാം യച്ചൂരിയും തമിഴ്‌നാട്ടില്‍നിന്നുള്ള കെ.വരദരാജനും വിഷയം അടുത്ത യോഗത്തിലേക്കു മാറ്റുന്നതാണ് ഉചിതമെന്നു വാദിച്ചു. വൃന്ദാ കാരാട്ടും എ.കെ.പത്മനാഭനും വ്യക്തമായൊരു നിലപാടിനു തയ്യാറായതുമില്ല.

കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് വ്യക്തമാക്കി. ഏകപക്ഷീയമായ നടപടി അംഗീക്കരുതെന്നും വി.എസിനെതിരെ അടിക്കടിയുള്ള അച്ചടക്ക നടപടി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും കേന്ദ്ര കമ്മറ്റിയില്‍ അഭിപ്രായമുണ്ടായി.

നടപടി പുനപരിശോധിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ അംഗീകാരം നല്‍കണമെന്ന് മറുവിഭാഗവും വാദിച്ചു. ഭൂരിപക്ഷം പി.ബി അംഗങ്ങളും നടപടി വേണ്ടെന്ന അഭിപ്രായമുള്ളവരായിരുന്നു.

തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ നേരത്തെ വ്യക്താക്കിയിരുന്നു. ഇവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റില്ലെന്നും സ്റ്റാഫ് അംഗങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയില്‍ വി.എസ് പറഞ്ഞിരുന്നു.

മൂവര്‍ക്കുമെതിരായ നടപടി ഏറെനാളായി വൈകിപ്പിച്ചതാണെന്നും ഇനി വച്ചുതാമസിപ്പിക്കാനാവില്ലെന്നുമുള്ള വാദമാണ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറ്റും ഉന്നയച്ചിരുന്നു.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്കാര്‍ക്കുള്ള പങ്ക് കണ്ടെത്തുകയും അതിന് ശിക്ഷാനടപടികളെടുക്കുകയും ചെയ്യാതെ, തന്റെ സ്റ്റാഫിലുള്ളവരെ പുറത്താക്കാന്‍ തിടുക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു വിഎസ് കത്തിലൂടെയും നേരിട്ടും ജനറല്‍ സെക്രട്ടറിയോടു വ്യക്തമാക്കിയിരുന്നു.

സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടിക്ക് അംഗീകാരം നല്‍കരുതെന്ന വി.എസിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് കേന്ദ്രകമ്മിറ്റിയുടെ ഈ തീരുമാനം.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വി.എസിന്റെ വിശ്വസ്തരായ പേഴ്‌സനല്‍ അസിസ്റ്റന്റ് എ.സുരേഷ്, അഡീഷനല്‍ ്രൈപവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി തീരുമാനം പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല.