തിരുവനന്തപുരം: സൂപ്പര്‍താരം മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതും ആനക്കൊമ്പ് പിടിച്ചെടുത്തതുമൊക്കെ വാര്‍ത്തയായിരുന്നു. നിയമവിരുദ്ധമായാണ് ലാല്‍ ആനക്കൊമ്പ് കൈവശം വച്ചതെന്ന് തെളിഞ്ഞിട്ടും ഇതിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.

സംഭവത്തില്‍ മോഹന്‍ലാലിനെതിരെ കേസെടുക്കാത്ത നടപടി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണം എന്ന ന്യൂസ് പോര്‍ട്ടല്‍ അധികൃതര്‍ വിവരാവകാശ നിയമപ്രകാരം അയച്ച കത്തിനുള്ള മറുപടിയില്‍ സുപ്പര്‍ താരത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ആനക്കൊമ്പ് തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. അന്യജീവി സംരക്ഷണ നിയമപ്രകാരം കൈവശംവയ്ക്കുന്നത് നിരോധിച്ചിട്ടുള്ള ആനക്കൊമ്പ് കണ്ടെത്തിയിട്ടും അത് നിയമവിരുദ്ധമായി കൈവശക്കാരന്റെ വീട്ടില്‍ സൂക്ഷിക്കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്‌.

2012 ഫെബ്രുവരി 29ന് വന്യജീവിവിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കപ്പെട്ട അപേക്ഷ, മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ലഭിച്ച വിവരങ്ങളിലാണ് ആനക്കൊമ്പാണെന്ന് സംശയിക്കപ്പെട്ട വസ്തു ആനക്കൊമ്പുതന്നെ എന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്.

ആനക്കൊമ്പ് ഇപ്പോഴും ലാലിന്റെ തേവരയിലെ വീട്ടില്‍തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. എന്താണ് ഇങ്ങനെയെന്ന ചോദ്യത്തിന് അത് തങ്ങള്‍ക്ക് കൈമാറ്റം ചെയ്തിട്ടില്ലെന്ന രസകരമായ മറുപടിയാണ് അധികൃതര്‍ നല്‍കിയത്. അതേസമയം കൈമാറ്റം ചെയ്യപ്പെടാതെ പ്രസ്തുത വസ്തു ആനക്കൊമ്പാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എങ്ങനെ തിട്ടപ്പെടുത്തിയെന്ന സംശയം അവശേഷിപ്പിക്കുന്നു.

അതിലേറെ കൗതുകകരമായ കാര്യം മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ നേരില്‍ കണ്ട് മൊഴിയെടുക്കാനോ രേഖകള്‍ പരിശോധിക്കാനോ കഴിഞ്ഞിട്ടില്ലെന്ന വെളിപ്പെടുത്തലാണ്. ഡി.എഫ്.ഒയുടെ കത്ത് പറയുന്നത് പ്രകാരം ലാല്‍ ഒളിവിലാണോ എന്ന് സംശയിച്ചാലും തെറ്റില്ല.

വനംപരിസ്ഥിതി മന്ത്രി കെ.ബി ഗണേഷ്‌കുമാറാണോ മോഹന്‍ലാലിനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തന്റെ മകനായ വനംവകുപ്പ് മന്ത്രിക്ക് ആനക്കൊമ്പ് കട്ടവരെ സംരക്ഷിക്കുന്നതിലും മറ്റുമാണ് താല്‍പര്യമെന്നും ബാലകൃഷ്ണപിള്ളയും കുറ്റപ്പെടുത്തിയിരുന്നു.

Malayalam News

Kerala News in English