എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു കേസ്: നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍; മറ്റ് രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായെന്ന് സൂചന
എഡിറ്റര്‍
Sunday 9th April 2017 3:33pm

കോയമ്പത്തൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. കോയമ്പത്തൂരിന് സമീപമുള്ള അന്നൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത് എന്നാണ് അറിയുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മറ്റ് രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്താണ് പൊലീസ് ഈ മൂന്ന് പേരേയും കണ്ടെത്തിയത് എന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു ജിഷ്ണുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ ധരിപ്പിക്കുമെന്നാണ് അറിയുന്നത്.

ജിഷ്ണുവിന്റെ കുടുംബമൊന്നാകെ നീതി തേടി നടത്തുന്ന നിരാഹാരം ഇന്ന് വൈകീട്ട് ഒത്തുതീര്‍പ്പാകാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്ത പുറത്തുവന്ന് അധികം വൈകാതെയാണ് അറസ്റ്റ് ഉണ്ടാകുന്നതെന്നത് ശ്രദ്ധേയമാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനുള്ള സാധ്യത തുറന്നത്.


Also Read: ’10 ലക്ഷം രൂപ തിരിച്ച് കൊടുക്കുമെന്ന് പറഞ്ഞത് രമേശ് ചെന്നിത്തല സഹായിക്കുമെന്ന് പറഞ്ഞതിനാല്‍’; ജിഷ്ണുവിന്റെ കുടുംബത്തെ അധിക്ഷേപിച്ച് മതിയാകാതെ എം.എം മണി


അതേ സമയം ഐ.സി.യുവില്‍ കഴിയുന്ന മഹിജയുടെ നില ആശങ്കാജനകമായി തന്നെ തുടരുകയാണ്. ജ്യൂസ് കുടിക്കുന്നുണ്ടെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയതിനെ തുടര്‍ന്ന് ഡ്രിപ്പും മരുന്നും ഇവര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റിയത്.

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വളയത്തെ വീട്ടില്‍ നിരാഹാരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. മെഡിക്കല്‍ സംഘം ആംബുലന്‍സ് സഹിതം സ്ഥലത്തുണ്ട്.

മകന്റെ മരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ നേരത്തേ പറഞ്ഞിരുന്നു. 10 ലക്ഷം രൂപയാണ് ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായം. 10 അല്ല, 20 ലക്ഷം രൂപ സര്‍ക്കാറിന് തിരിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement