തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെയും ഇന്നുണ്ടായ സസ്‌പെന്‍ഷന്‍ നടപടിയുടെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. വെള്ളിയാഴ്ചത്തെ സംഘര്‍ഷത്തിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് കാണുന്നത്. അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ടി.വി രാജേഷ്, ജെയിംസ് മാത്യു, എ.പ്രദീപ്കുമാര്‍ എന്നിവര്‍ സ്പീക്കറുടെ ഡയസിലേക്ക് പോകുന്നത് കണാം.

തുടര്‍ന്ന് ടി.വി രാജേഷും ജെയിംസ് മാത്യവും വാച്ച് ആന്റ് വാര്‍ഡിനെ മറികടക്കാന്‍ ശ്രമം നടന്നുവെങ്കിലും സാധിച്ചില്ല. അതേസമയം വനിതാ വാച്ച് ആന്റ് വാര്‍ഡിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണുന്നില്ല. ഒരു വനിതാ വാച്ച് ആന്റ് വാര്‍ഡിന്റെ തൊപ്പി താഴെ വീഴുന്നതായി അവ്യക്തമായ ദൃശ്യങ്ങള്‍ കാണുന്നുണ്ട്. സംഭവത്തിന്റെ തൊട്ടടുത്തായി കെ.കെ ലതിക എം.എല്‍.എ നില്‍ക്കുന്നുണ്ട്. അഞ്ച്് മിനിട്ടോളം പ്രതിപക്ഷ അംഗംങ്ങള്‍ ഡയസിന് മുന്നില്‍ നില്‍ക്കുന്നതായി കാണാം.

എന്നാല്‍ ഇതിനിടെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ‘അവര്‍ സ്ത്രീയെ അപമാനിച്ചു’വെന്ന് വിളിച്ചുപറയുന്നത് കേള്‍ക്കുന്നുണ്ട്. തുടര്‍ന്ന് ഇന്നത്തെ സഭാനടപിടകള്‍ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പ്രഖ്യാപിക്കുകയാണ്.

ഇന്ന് രണ്ട് അംഗങ്ങളെ സസ്‌പെന്റ് ചെയ്യുന്ന ദൃശ്യങ്ങളും പി.ആര്‍.ഡി പുറത്ത് വിട്ടിട്ടുണ്ട്. പ്രതിപക്ഷ അംഗങ്ങള്‍ മനപ്പൂര്‍വ്വം വാച്ച് ആന്റ് വാര്‍ഡിനെ അപമാനിക്കാന്‍ ശ്രമിച്ചില്ലെന്നും എന്നാല്‍ സ്പീക്കറുടെ ഡയസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് സഭയുടെ അന്തസ്സിന് യോജിച്ചതല്ലെന്നും അംഗങ്ങള്‍ ചെയറിനെ കണ്ട് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കുന്നതായി കാണാം.

എന്നാല്‍ ഇതോടെ പ്രതിപക്ഷത്തെ ടി.വി രാജേഷും ജെയിംസ് മാത്യുവും എഴുന്നേറ്റ് നിന്ന് ‘ കള്ളം പറയരുത് ഞങ്ങള്‍ ചേംബറിലെത്തി ഖേദം പ്രകടിപ്പിച്ചില്ല’ എന്ന് വിളിച്ചു പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എഴുന്നേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗങ്ങളെ സസ്‌പെന്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് തങ്ങള്‍ സഭയില്‍ നിരാഹാരമിരിക്കുകയാണെന്ന് വ്യക്തമാക്കി.