Administrator
Administrator
നിയമസഭാ ചോദ്യോത്തരത്തിന്റെ പൂര്‍ണ്ണരൂപം
Administrator
Wednesday 9th February 2011 9:02pm

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുകയാണ്. നിയമഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വിവിധ വകുപ്പ് മന്ത്രിമാര്‍ നല്‍കിയ മറുപടിയുടെ പൂര്‍ണ്ണരൂപം താഴെ

ജലനിധി: ലോകബാങ്കുമായി അവസാനഘട്ട ചര്‍ച്ച നടക്കുന്നു

ജലനിധി രണ്ടാംഘട്ട പ്രവര്‍ത്തനം നടപ്പാക്കാന്‍ ലോകബാങ്കുമായുള്ള അവസാനവട്ട ചര്‍ച്ച നടക്കുകയാണെന്നു മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എം.എ. വാഹിദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വര്‍ക്കല കഹാര്‍ എന്നിവരെ അറിയിച്ചു. വൈകാതെ കരാര്‍ ഒപ്പിടും. തുടക്കമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടം 30 പഞ്ചായത്തുകളില്‍ പദ്ധതി ആരംഭിച്ചു. സംസ്ഥാനം ഒട്ടാകെ 200 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 1000 കോടി ചെലവു വരുന്ന പദ്ധതി 2016ല്‍ പൂര്‍ത്തിയാക്കാനാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട് പാക്കേജില്‍ ജലവിഭവ വകുപ്പിനു കീഴില്‍ കേന്ദ്രാനുമതി ലഭിച്ച 143.61 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചതായി മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. പാക്കേജില്‍ ഉള്‍പ്പെട്ട മറ്റു പദ്ധതികേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നു കെ.സി. ജോസഫ്, എം. മുരളി എന്നിവരെ മന്ത്രി അറിയിച്ചു.

തണ്ണീര്‍മുക്കം ബണ്ട് നവീകരണം, തോട്ടപ്പിള്ളി സ്പില്‍വേയുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, സിഡി ബ്ലോക്കുകളുടയെം റാണിചിത്തിര ബ്ലോക്കുകളുടെയും ഭാഗത്തുള്ള കായലുകളിലെ വെള്ളപ്പൊക്ക നിയന്ത്രണം, ആലപ്പുഴച ചങ്ങനാശ്ശേരി കനാലുകളുടെ നവീകരണം, പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തല്‍, കുട്ടനാട് തണ്ണീര്‍ത്തടത്തിന്റെയും, ഓണാട്ടുകര, തുറവൂര്‍, പട്ടണക്കാട് പ്രദേശങ്ങളിലെ പുഴകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളാണ് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്. സി.കെ. സദാശിവന്‍, വി.എന്‍. വാസവന്‍, എ.എം. ആരിഫ് എന്നിരെ മന്ത്രി അറിയിച്ചതാണിത്.

ഡാമുകളില്‍ നിന്നു എക്കലും മണലും നീക്കംചെയ്യുന്നതു വഴി ഈവര്‍ഷം 300 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നെന്നു മന്ത്രി പറഞ്ഞു. ഇതുവരെ 11.80 കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. 2009 ഡിസംബറില്‍ തുടങ്ങിയ പദ്ധതിയില്‍ തൊഴിലുറപ്പുമായ് ബന്ധപ്പെടുത്തി 970 പേര്‍ക്കു ജോലി നല്‍കിയെന്നും വര്‍ക്കല കഹാര്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരെ മന്ത്രി അറിയിച്ചു. മലമ്പുഴ, ചുള്ളിയാര്‍, വാഴാണി, പീച്ചി, ലോവര്‍ പെരിയാര്‍, വാളയാര്‍, മീന്‍കര, പോത്തുണ്ടി, പഴശ്ശി, പെരുവണ്ണാമൂഴി, കക്കയം ഡാമുകളില്‍ നിന്നു വരുംവര്‍ഷങ്ങളില്‍ എക്കലും മണലും നീക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ജലവിഭവ വകുപ്പില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ 37 ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു ടി.യു കുരുവിളയെ മന്ത്രി അറിയിച്ചു.

തലസ്ഥാന നഗരത്തിനും താഴ്ന്ന പ്രദേശങ്ങള്‍ക്കുമായി നടപ്പിലാക്കിയിട്ടുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ജൂലൈയില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു. 42 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ട്രാന്‍സ്മിഷന്‍ ലെയ്‌നിന്റെ ജോലികള്‍ ഏറക്കുറെ പൂര്‍ത്തിയായി.
അരിസ്‌റ്റോ ജംക്ഷന്‍ മുതല്‍ പാര്‍ഥാസ് ജംക്ഷന്‍ വരെയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ബദ്ധപ്പെട്ട വകുപ്പുകളില്‍ നിന്നു ലഭിച്ചിട്ടില്ല. സമയബന്ധിതമായി റോഡ് മുറിച്ചു പൈപ്പ് ഇടുന്നതിനുള്ള അനുവാദം ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നു ലഭിക്കാത്തതു പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ടെന്നു വി.ശിവന്‍കുട്ടിയെ അറിയിച്ചു.

സുനാമി ബാധിത മേഖലകളിലെ ശുദ്ധജല വിതരണത്തിനു നിര്‍മാണം ആരംഭിച്ച 115 പദ്ധതികളില്‍ 113 എണ്ണം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്നു പി. വിശ്ന്‍, എം. പ്രകാശന്‍, എ. പ്രദീപ്കുമാര്‍ എന്നിവരെ മന്ത്രി അറിയിച്ചു. 75 കോടി രൂപയുടെ അടങ്കലിലാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. 8.27 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആസിയാന്‍ പ്ര്ത്യാഘാതങ്ങള്‍ പഠിക്കാന്‍ സി.ഡി.എസിനെ ഏല്‍പിച്ചു

കേരളത്തിന്റെ കാര്‍ഷിക അനുബന്ധ മേഖലകളില്‍ ആസിയാന്‍ കരാറിന്റെ പ്രത്യാഘാതം സംബന്ധിച്ച് പഠിക്കാന്‍ സിഡിഎസിനെ ചുമതലപ്പെടുത്തിയാതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കെ. മുഹമ്മദുണ്ണി ഹാജിയെ അറിയിച്ചു. ആസിയാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു ഒരുവര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കരാറിനെക്കുറിച്ചു നിഗമനത്തിലെത്തുന്നതെന്നു യുക്തിസഹമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ വിളകള്‍ സംബന്ധിച്ച് ലോകമെങ്ങും നിലനില്‍ക്കുന്ന വിവാദങ്ങള്‍ സംശയാതീതമായി പര്യവസാനിക്കുന്നതുവരെ അത്തരം സസ്യജീവജാലങ്ങളുടെ ഉപയോഗം സംസ്ഥാനത്തു അനുവദിക്കില്ലെന്നും യു.സി. രാമന്‍, കെ. കുട്ടി അഹമ്മദ് കുട്ടി എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

25 ബൈപ്പാസുകള്‍ നിര്‍മ്മിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തിരക്കേറിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 25 ബൈപാസുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി നല്‍കിയെന്നു മന്ത്രി എം. വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. ഇതില്‍ ആറെണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അവശേഷിക്കുന്നവയില്‍ പെരുമ്പാവൂര്‍, നിലമ്പൂര്‍ ഒഴിച്ചുള്ളവയുടെ സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയപാതകളില്‍ മൊത്തം 23 ബൈപാസുകള്‍ ദേശീയപാത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി. മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 24 ബൈപാസുകളുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിനു 147.32 കോടി രൂപ അനുവദിച്ചു. വി. ശിവന്‍കുട്ടി, അല്‍ഫോണ്‍സ് കണ്ണന്താനം, സി.എം. ദിനേശ് മണി, ബാബു എം. പാലിശ്ശേരി, കുട്ടി അഹമ്മദ് കുട്ടി, എ.എം. യൂസഫ്, എം.പി, ശ്രേയാംസ്‌കുമാര്‍, എന്‍. ശക്തന്‍, തോമസ് ചാഴിക്കാടന്‍, കെ.സി. കുഞ്ഞിരാമന്‍, സി.കെ.പി.. പദ്മനാഭന്‍, എം. ഉമ്മര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

ദേശീയപാത വികസനം ഒരു കാരണവശാലും മുടങ്ങാത്തവിധം 2000 കോടി രൂപയുടെ പുനരധിവാസ പാക്കേജിനു അനുമതി നല്‍കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കേന്ദ്രം അനുവദിക്കുന്നില്ലെങ്കില്‍ ബദല്‍ നടപടികള്‍ ആലോചിക്കും. കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ 1031 കോടി രൂപയുടെ വായ്പയാണ് കേന്ദ്രമന്ത്രാലയം ലോക ബാങ്കിന് ശുപാര്‍ശ ചെയ്തത്. പദ്ധതിയുടെ പ്രധാന ഘടകമായ റോഡ് പുനരുദ്ധാരണത്തിനു ഉള്‍പ്പെടുത്തേണ്ട സംസ്ഥാന പാതകള്‍ ഏതെന്നു തീരുമാനിച്ചിട്ടുണ്ട്. അവയുടെ സ്ഥലമെടുപ്പ് 98% പൂര്‍ത്തിയായി. രണ്ടാംഘട്ട പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2009 ഏപ്രില്‍ പത്തിന് 1356 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രാഥമിക രൂപരേഖ ഉണ്ടാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. 2011 ജനുവരിഏഴിനു ധനസഹായം നല്‍കാന്‍ കേന്ദ്രം ലോക ബാങ്കിനോട് ശുപാര്‍ശ ചെയ്തു. രണ്ടാംഘട്ട പദ്ധതിയില്‍ എട്ടു റോഡുകളാണ് വികസിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു

ഇ പെയ്‌മെന്റ് നടപ്പാക്കും

മോട്ടോര്‍ വാഹന വകുപ്പില്‍ അഴിമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ഇ പെയ്‌മെ്ന്റ് നടപ്പാക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്നു മന്ത്രി ജോസ് തെറ്റയില്‍നിയമസഭയെ അറിയിച്ചു. ഉത്തരവിറങ്ങിയാല്‍ ഇപെയ്‌മെന്റ് സംവിധാനം നടപ്പാക്കും.ഡ്രൈവിങ്ങിലെ അപാകതകള്‍ പരിഹരിക്കാന്‍ ആരംഭിച്ച ഇലട്രോണിക് ഡ്രൈവിങ്ങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. കോഴിക്കോടും കണ്ണൂരുമാണ് നിലവില്‍ സംവിധാനമുള്ളത്. ടിപ്പര്‍ ലോറി അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം ഒട്ടാകെ ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. എണ്ണക്കുറവ് ഉള്ളതിനാല്‍ വാഹന പരിശോധന കുറ്റമറ്റതാകാക്കാന്‍ കഴിയുന്നില്ല. 1985ലെ സ്റ്റാഫ് പാറ്റേണ്‍ മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. പി.കൃഷ്ണപ്രസാദ്, സി.എച്ച്. കുഞ്ഞമ്പു, കെ.സി. കുഞ്ഞിരാമന്‍, സി. രവീന്ദ്രനാഥ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

2010ലെ താല്‍ക്കാലിക കണക്കനുസരിച്ച് കെ.എസ്.ആര്‍.ടി.സിയുടെ സഞ്ചിത നഷ്ടം 1700.8 കോടി രൂപയാണെന്നു എം. പ്രകാശനെ മന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. 200506ല്‍ 1618.10 കോടി രൂപയായിരുന്ന നഷ്ടം 2007 ജൂ െലെ മുതല്‍ 2582 പുതിയ ബസുകള്‍ നിരത്തിലിറക്കി. 1188 പുതിയ ഷെഡ്യൂളുകള്‍ ആരംഭിച്ചു. മലബാര്‍ മേഖലയില്‍ 351 പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങി. ഈ സര്‍ക്കാര്‍ വന്നശേഷം 19,783 പേര്‍ക്കു പുതുതായി കോര്‍പ്പറേഷന്‍ നിയമനം നല്‍കി.

വികലാംഗക്ഷേമത്തിനും പുനരധിവാസത്തിനുമായി നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നു സംസ്ഥാന വികലാംഗ കോര്‍പ്പറേഷനു 1.4 കോടി അനുവദിച്ചിട്ടുണ്ടെന്നും ഇതുപയോഗിച്ചു 12 പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പി.കെ. ശ്രീമതിക്കു വേണ്ടി എളമരം കരീം നിയമസഭയെ അറിയിച്ചു. എം.വി. ശ്രേയാംസ്‌കുമാര്‍, കെ.പി. മോഹനന്‍, എം.കെ. പ്രേംനാഥ് എന്നിവര്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

Advertisement