തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള ഭരണഘടനാ പ്രതിസന്ധികളും ഇല്ലെന്നും മന്ത്രിസഭയില്‍ മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെന്ന ഗതാഗതമന്ത്രി ജോസ് തെറ്റയിലിന്റെ പ്രസ്താവനയെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ടി എന്‍ പ്രതാപനാണ് ഈ വിഷയം സഭയില്‍ കൊണ്ട് വന്നത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങി.

മന്ത്രിസഭ കൂട്ടുത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ തമ്മില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ല. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനപിന്തുണ ഏറി വരുന്നതില്‍ പേടിക്കുന്നതിനാലാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടെന്ന് യു ഡി എഫ് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തെ ഓര്‍മ്മകളാവണം യു ഡി എഫിനെന്നും മുഖ്യമന്ത്രി പറഞ്ഞു.