തിരുവനന്തപുരം: മണ്ണെണ്ണ വ്യാപാരികള്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കിയതിനെച്ചൊല്ലി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതു സംബന്ധിച്ച അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കാതിരിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവിന് കാത്തുനില്‍ക്കാതെ സിവില്‍ സപ്ലൈസ് വകുപ്പ് മണ്ണെണ്ണ മൊത്തവ്യാപാരികള്‍ക്ക് ഒരു ശതമാനം ചോര്‍ച്ച ആനുകൂല്യം (ലീക്കേജ് അലവന്‍സ്) അനുവദിച്ചതുമൂലം സര്‍ക്കാരിന് അഞ്ചുകോടി രൂപ നഷ്ടമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്യാടന്‍ മുഹമ്മദാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ ഹൈക്കോടതി വിധിക്ക് അനുസൃതമായിതന്നെയാണ് സര്‍ക്കാര്‍ ലീക്കേജ് നല്‍കിയതെന്ന മന്ത്രി സി.ദിവാകരന്റെ മറുപടിയെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ലീക്കേജ് അനുവദിച്ചതില്‍ യാതൊരു ക്രമക്കേടുമില്ലന്നും പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണന്നും മന്ത്രി ആരോപിച്ചു.