തിരുവനന്തപുരം: എല്‍ എല്‍ ബി മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ശൂന്യവേളയില്‍ പി സി വിഷ്ണുനാദ് കൊണ്ട് വന്ന അടിയന്തിരപ്രമേയത്തിന് മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോകല്‍.

വിദ്യാഭ്യാസ മന്ത്രി സഭയിലില്ലാത്തതിനാല്‍ ഇപ്പോള്‍ മറുപടി പറയാനാകില്ലെന്നും പ്രമേയം മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത്രയും പ്രധാന്യമുള്ള ഒരു വിഷയം സഭയില്‍ അവതരിപ്പിച്ചിട്ടും മറുപടി പറയാന്‍ ആളില്ലാതെ പോയത് സഭയുടെ കറുത്ത അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മന്ത്രി സ്ഥലത്തില്ലെങ്കില്‍ മറ്റൊരാളെ ചുമതല ഏല്‍പിക്കാറുണ്ടെന്നും ഇവിടെ അതില്ലാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭ വിടുകയായിരുന്നു.