എഡിറ്റര്‍
എഡിറ്റര്‍
‘അധികൃതരേ ഉണരൂ ദൈവത്തിന്റെ മക്കള്‍ ഇങ്ങനെ മരിച്ച് പോകരുത്’; മിഷേലിന്റെ മരണത്തില്‍ പ്രതിഷേധവുമായി ടൊവിനോയും നിവിന്‍ പോളിയും
എഡിറ്റര്‍
Sunday 12th March 2017 4:14pm

 

പെരിയപ്പുറം: സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നെന്ന് ചലച്ചിത്ര താരങ്ങളായ നിവിന്‍ പോളിയും ടൊവിനോ തോമസും. മിഷേലിന്റെ മരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകര്‍ത്തതെന്നും നീതിക്കായുള്ള  വീട്ടുകാരുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുന്നു എന്നും നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഞെട്ടിക്കുന്ന വാര്‍ത്തയാണ് കുട്ടിയുടെ മരണമെന്നും ഇതൊക്ക ‘ആര്‍ക്കോ’ സംഭവിക്കുന്ന കാര്യമല്ലേ എന്നോര്‍ത്ത് സമാധാനിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ നമ്മളും മറ്റുള്ളവര്‍ക്ക് ‘ആരോ’ ആണ് എന്നുമായിരുന്നു ടൊവിനോയുടെ പ്രതികരണം. പൊതുവഴിയില്‍ ഉമ്മവെക്കാനുള്ള സ്വതന്ത്രമല്ല വേണ്ടത് മറിച്ച് പൊതുവഴിയിലൂടെ ആരെയും പേടിക്കാതെ പെണ്‍കുട്ടികള്‍ക്ക് നടക്കാനുള്ള സ്വാതന്ത്രമാണെന്ന പോസ്റ്റും ടൊവിനോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആറിനായിരുന്നു ഇലഞ്ഞി പെരിയപ്പുറം സ്വദേശിയായ മിഷേല്‍ ഷാജി(18)യുടെ മൃതദേഹം എറണാകുളത്തിന് സമീപത്തെ കായലില്‍ നിന്ന് ലഭിച്ചത്. കുട്ടിയുടെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസെങ്കിലും ആത്മഹത്യയ്ക്ക് സാധ്യതയില്ലെന്നാണ് മിഷേലിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നത്. തലേ ദിവസം പള്ളിയില്‍ പോയ മിഷേല്‍ പിന്നീട് തിരിച്ച് വന്നിരുന്നില്ല.


Also read വിക്കറ്റാണെന്നു കരുതി സിക്സറിനെ ആഘോഷമാക്കി ബംഗ്ലാദേശ് ബൗളര്‍; വീഡിയോ വൈറല്‍


കുട്ടി പള്ളിയില്‍ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മിഷേലിനെ രണ്ടു യുവാക്കള്‍ നിരീക്ഷിക്കുന്നതായും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൃതദേഹത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകള്‍ ഒന്നും ഇല്ലാത്തതാണ് ആത്മഹത്യ എന്ന നിഗമനത്തില്‍ പൊലീസ് എത്താന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക് പരിശോധന ഫലം വന്നതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു

Advertisement