ബാംഗ്ലൂര്‍: തനിക്കെതിരെ സി.ഐ.ഡി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് ലൈംഗിക കേസില്‍പ്പെട്ട സ്വാമി നിത്യാനന്ദ. അന്വേഷണ സംഘത്തിന് താന്‍ നല്‍കിയ മൊഴി എഡിറ്റ് ചെയ്യാത്ത വിധത്തില്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിത്യാനന്ദ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹരജി നല്‍കി.

തന്റെ കുറ്റസമ്മതം എന്ന നിലയില്‍ വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതെന്ന് ഹരജിയില്‍ നിത്യാനന്ദ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം സി.ഐ.ഡി സോഴ്‌സുകളില്‍ നിന്നാണ് അവര്‍ക്ക് ലഭിക്കുന്നത്. ഒരു റിപ്പോര്‍ട്ടില്‍ താന്‍ 15 സ്ത്രീകളുമായി ബന്ധപ്പെട്ടുവെന്ന് മൊഴി നല്‍കിയതായി പറയുന്നുണ്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ 35 സ്ത്രീകളുമായി ബന്ധപ്പെട്ടതിന് മെറ്റീരിയല്‍ എവിഡന്‍സുണ്ടെന്നാണ് പറയുന്നത്.

മറ്റൊരു റിപ്പോര്‍ട്ടില്‍ നിത്യാനന്ദക്ക് അമാവാസി, പൂര്‍ണ്ണിമ ദിനങ്ങളില്‍ അനിയന്ത്രിതമായ ലൈംഗികാഭിനിവേശമുണ്ടാകാറുള്ളതായി പറയുന്നു. എന്നാല്‍ താന്‍ ഇത്തരത്തിലൊരു കുറ്റസമ്മതം നടത്തിയിട്ടില്ലെന്നാണ് നിത്യാനന്ദ ഹരജിയില്‍ പറയുന്നത്. സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മൊഴി പുറത്ത് വിടണമെന്നാണ് ആവശ്യം.