ചെന്നൈ: തമിഴ് നടി രഞ്ജിതയുമായി ബന്ധപ്പെട്ട് വിവാദത്തില്‍പ്പെട്ട സ്വാമി നിത്യാനന്ദ വീണ്ടും വിവാദച്ചുഴിയില്‍. രഞ്ജിതക്ക് പുറമെ തമിഴ് നടിയായ യുവറാണിയുമായും സ്വാമിക്ക് ബന്ധമുണ്ടെന്നാണ് പുതുതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. സഹനടി വേഷങ്ങളിലാണ് യുവറാണി അഭിനയിച്ചിരുന്നത്. നടിയും സ്വമിയും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത വന്ന് കഴിഞ്ഞു.

കുടുംബ സമേതം കഴിയുന്ന യുവറാണി, വീഡിയോ ദൃശ്യം വ്യാജമാണെന്നും സ്വാമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രതികരിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ടി രാജേന്ദ്രന് യുവറാണി ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. രഞ്ജിതയും യുവറാണിയും ഏകദേശം ഒരേകാലയളവിലാണ് അഭിനയരംഗത്ത് സജീവമായിരുന്നത്. രജനീകാന്തിന്റെ ബാഷ അടക്കമുള്ള ചിത്രങ്ങളില്‍ സഹനടി, സഹോദരി വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് യുവറാണി.

രഞ്ജിതയും യുവറാണിയും അടുത്ത സുഹൃത്തുക്കളാണെന്നും രഞ്ജിത പറഞ്ഞതനുസരിച്ചാണ് ഇവര്‍ സ്വാമിയെ പരിചയപ്പെട്ടതെന്നുമാണ് ചില ചാനലുകളും വെബ്‌സൈറ്റുകളും പുറത്തുവിട്ട വാര്‍ത്തയിലുള്ളത്. ഇരുവരും സ്ഥിരമായി സ്വാമിയെ സന്ദര്‍ശിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും നിത്യാനന്ദയുടെ ലോസ് ആഞ്ചല്‍സിലെ ആശ്രമത്തില്‍ പോയെന്നും അവിടെനിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നടിയുടെ പരാതിയെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ദൃശ്യങ്ങള്‍ തടഞ്ഞിട്ടുണ്ട്്.