എഡിറ്റര്‍
എഡിറ്റര്‍
വിമര്‍ശിക്കുന്നവര്‍ സ്വന്തം നിലവാരം നന്നായി ആലോചിക്കണം: നിതീഷ്‌കുമാര്‍
എഡിറ്റര്‍
Tuesday 12th June 2012 12:03am

പാറ്റ്‌ന: ബീഹാറിലെ രാഷ്ട്രീയ നേതാക്കള്‍ മുഴുവന്‍ ജാതി നേതാക്കളാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാറിനെ ചീത്തവിളിക്കുന്നവര്‍ സ്വന്തം നിലവാരം നന്നായി ആലോചിക്കണമെന്ന് നിതീഷ് പറഞ്ഞു.

മോഡിയുടെ പേരെടുത്ത് പറയാതെ പ്രാദേശിക പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ചായിരുന്നു നിതീഷിന്റെ ആക്രമണം. ‘ചല്‍നി ദുഷിയേ സൂപ് കോ’ എന്ന ഗ്രാമീണ പഴഞ്ചൊല്ലാണ് നിതീഷ് ഉദ്ധരിച്ചത്. അടുക്കളയില്‍ ഉപയോഗിക്കുന്ന അരിപ്പത്തട്ട് ധാന്യങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സൂപ്പ് എന്ന ഉപകരണത്തെ വൃത്തിയുടെ കാര്യത്തില്‍ ചീത്തവിളിക്കുന്നുവെന്നതാണ് ഇതിനര്‍ത്ഥം. എന്താണ് ഈ പഴഞ്ചൊല്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വ്യാഖ്യാന ചുമതല താന്‍ പത്രക്കാരെ ഏല്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആരേയും അന്യായമായി താഴ്ത്തിക്കെട്ടാന്‍ ബീഹാര്‍ ആഗ്രഹിക്കുന്നില്ല. അവിടെ (ഗുജറാത്ത്) നടക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ഒറ്റപ്പെടുന്ന ചിലരാണ് മറ്റുള്ളവരുടെ അധിക്ഷേപിച്ച് രംഗത്തെത്തുന്നത്- നിതീഷ് പറഞ്ഞു.

ബീഹാറിലെ നേതാക്കള്‍ ജാതി രാഷ്ട്രീയം കളിക്കുന്നതുകൊണ്ടാണ് സംസ്ഥാനം പുരോഗതി പ്രാപിക്കാത്തതെന്നായിരുന്നു രാജ്ഘട്ടില്‍ ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തില്‍ മോഡി തുറന്നടിച്ചത്. എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ജനതാദളിന്റെ നേതൃത്വത്തിലുള്ള ഭരണം നടക്കുന്ന ബീഹാര്‍ കടുത്ത പിന്നോക്കാവസ്ഥയിലാണെന്നും മോഡി കുറ്റപ്പെടുത്തിയിരുന്നു.

Advertisement