എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്
എഡിറ്റര്‍
Wednesday 23rd January 2013 9:00am

ന്യൂദല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ ബി.ജെ.പി അധ്യക്ഷനായി രാജ്‌നാഥ് സിങ് തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാത്രി നിതിന്‍ ഗഡ്കരി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് രാജ്‌നാഥ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന യോഗത്തിലാണ് രാജ്‌നാഥ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്‌നാഥ് സിങ്ങിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയായിരുന്നു.

Ads By Google

ഇത് രണ്ടാം തവണയാണ് രാജ്‌നാഥ് സിങ് പാര്‍ട്ടി അധ്യക്ഷനാകുന്നത്. 2005 ലായിരുന്നു രാജ്‌നാഥ് ആദ്യമായി പാര്‍ട്ടി അധ്യക്ഷനാകുന്നത്. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയാണ് രാജ്‌നാഥ് സിങ്.

നിതിന്‍ ഗഡ്കരി പാര്‍ട്ടി വീണ്ടും അധ്യക്ഷനാകുമെന്ന് ഏതാണ്ടുറപ്പായിരുന്നെങ്കിലും ഇന്നലെ വീണ്ടും ഗഡ്കരിയുമായി ബന്ധപ്പെട്ട പൂര്‍ത്തി സ്ഥാപനത്തിലുണ്ടായ ആദായ വകുപ്പ് നടത്തിയ പരിശോധനയാണ് ഗഡ്കരിക്ക് വിനയായത്.

തുടര്‍ന്ന് രാത്രിയോടെ ദല്‍ഹിയിലെത്തിയ ഗഡ്കരി രാജി പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാമതും പാര്‍ട്ടി പ്രസിഡന്റാവാന്‍ താത്പര്യമില്ലെന്ന് അറിയിച്ചായിരുന്നു രാജി. ഗഡ്കരിയെ വീണ്ടും പ്രസിഡന്റാക്കുന്നതിനോട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും യോജിപ്പുണ്ടായിരുന്നില്ല.

അഴിമതിയാരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് ഗഡ്കരിയുടെ രാജി എന്നാണ് അറിയുന്നത്. കൂടാതെ ഇന്നലെയുണ്ടായ അപ്രതീക്ഷിത റെയ്ഡും ഗഡ്കരിക്ക് തിരിച്ചടിയായി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഗഡ്കരി അറിയിച്ചു.

പൂര്‍ത്തി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളില്‍ ഉള്‍പ്പെടെയായിരുന്നു പരിശോധന നടന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഗഡ്ക്കരിയോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഫെബ്രുവരി ഒന്നു വരെ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു.

Advertisement