പാട്‌ന: ഉത്തര്‍പ്രദേശില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ കാട്ടുന്ന ബി.ജെ.പിയെ പരിഹസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പശുക്കളുടെ പേരില്‍ ആളുകളെ കൊല്ലുന്നതിനു പകരം ഉത്തര്‍പ്രദേശിലെ റോഡുകളില്‍ അലഞ്ഞുനടക്കുന്ന പശുക്കള്‍ക്ക് അഭയം നല്‍കുകയാണ് ചെയ്യേണ്ടത് എന്നു പറഞ്ഞാണ് നിതീഷ് കുമാറിന്റെ പരിഹാസം.

‘ഉത്തര്‍പ്രദേശിലെ റോഡുകളിലെ സ്ഥിരം കാഴ്ചയായ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കിക്കൊണ്ടാണ് പശുക്കളോട് സ്‌നേഹം ആദ്യം കാണിക്കേണ്ടത്.’ അദ്ദേഹം പറഞ്ഞു.

‘യു.പിയിലാണ് പ്ലാസ്റ്റിക് കഴിച്ചതുകാരണം ഏറ്റവും കൂടുതല്‍ പശുക്കള്‍ മരിക്കുന്നത്. ‘ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു സമയത്തു നല്‍കിയ വാഗ്ദാനങ്ങളിലെ പൊള്ളത്തരം വെളിവാകാതിരിക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പശു സംരക്ഷണത്തിന്റെ പേരില്‍ കശാപ്പ് നിരോധന നിയമം കൊണ്ടുവന്ന് വിവാദമുണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവാക്കള്‍ക്കായി തൊഴില്‍ സൃഷ്ടിക്കും, കര്‍ഷകര്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് വര്‍ധിപ്പിക്കും തുടങ്ങി തെരഞ്ഞെടുപ്പു വേളയില്‍ മോദി നല്‍കിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.