എഡിറ്റര്‍
എഡിറ്റര്‍
നിതാഖാത്: സൗദിയില്‍ പരിശോധന തുടങ്ങി
എഡിറ്റര്‍
Monday 4th November 2013 7:58am

nithakath

റിയാദ്: ##നിതാഖാത് ഇളവുകാലം അവസാനിച്ചതോടെ സൗദിയില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന.

കൃത്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് തിങ്കളാഴ്ച രാവിലെ മുതല്‍ വ്യാപകറെയ്ഡ് നടത്തുമെന്ന് നേരത്തെ സുരക്ഷാ മന്ത്രാലയം അറിയിച്ചിരുന്നു. പ്രത്യേകസുരക്ഷാ സേനയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

അനധികൃത വിദേശ തൊഴിലാളികള്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന സ്വദേശീയര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റോഡുകളിലും പൊതുസ്ഥലങ്ങളിലും കര്‍ശനപരിശോധനയാണ് നടത്തുക. എന്നാല്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ എത്തി പരിശോധന നടത്തില്ലെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

രേഖകള്‍ ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

നിയമാനുസൃതരേഖകള്‍ കൈവശമില്ലാതെ തൊഴിലെടുക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷയുമുണ്ടാവുമെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തൊഴിലാളിയും സ്‌പോണ്‍സറും തമ്മില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ സാക്ഷ്യപ്പെടുത്തിയ  തൊഴില്‍ കരാറായിരിക്കും പരിശോധിക്കുക.

നിയമാനുസൃതമായ രേഖകളില്ലാത്ത ജീവനക്കാരോട് ഇന്ന് മുതല്‍ ജോലിയ്ക്ക് വരേണ്ടെന്ന് കാണിച്ച് സ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഏഴുമാസത്തോളം ഇളവ് അനുവദിച്ച് കിട്ടിയെങ്കിലും ഇതുവരെ രേഖകള്‍ ശരിയാക്കാതെയും എക്‌സിറ്റ് രേഖപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാതെയും ആയിരക്കണക്കിന് മലയാളികള്‍ ഇപ്പോഴും സൗദിയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.

സൗദിയിലുള്ള വിവിധ കരാര്‍ കമ്പനികളില്‍ ഇതുവരെ രേഖകള്‍ ശരിയാക്കാതെ ധാരാളമാളുകള്‍ ജോലി ചെയ്യുന്നുണ്ട്.

നിര്‍മാണത്തിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇവരോട് വിട്ടുവീഴ്ച കാണിക്കണമെന്ന് സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഇവര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരും.

സ്വദേശി നിയമനം രേഖകളില്‍ മാത്രമായിരിക്കരുതെന്നും ജോലിയിടങ്ങളില്‍ അവരുടെ സാന്നിധ്യമുണ്ടായിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഏറ്റവുമധികം അനധികൃത തൊഴിലാളികള്‍ ഉള്ളത് ഇന്ത്യയില്‍ നിന്നാണ് എന്നാണ് സൗദി  തൊഴില്‍ മന്ത്രാലയം പറയുന്നത്.

സൗദി സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ഇതുവരെ പത്ത് ലക്ഷത്തോളം വിദേശികള്‍ രാജ്യം വിട്ടിട്ടുണ്ട്. നാല്‍പത് ലക്ഷത്തിലധികം പേര്‍ നിയമാനുസൃത രേഖകള്‍ ശരിയാക്കി. എംബസിയുടെ കണക്കനുസരിച്ച ഇതുവരെ 77000 ഇന്ത്യക്കാര്‍ക്ക് ഔട്ട്പാസ് നല്‍കിക്കഴിഞ്ഞു. ഇതില്‍ 95 ശതമാനത്തിനും പൈനല്‍ എക്‌സിറ്റും ലഭിച്ചു കഴിഞ്ഞു.

Advertisement