എഡിറ്റര്‍
എഡിറ്റര്‍
നിതാഖാത്: സൗദിയില്‍ സംഘര്‍ഷം, ഒരു മരണം
എഡിറ്റര്‍
Friday 15th November 2013 6:33am

nithakath

റിയാദ്: നിതാഖാത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സൗദിയില്‍ വീണ്ടും സംഘര്‍ഷം. ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.

അനധികൃത എത്യോപ്യന്‍ തൊഴിലാളികളാണ് അക്രമാസക്തരായത്. തുടര്‍ന്നാണ് ഒരു സുഡാന്‍ പൗരന്‍ മരിച്ചത്.

ശനിയാഴ്ച സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച തെക്കന്‍ റിയാദിലെ മന്‍ഫൂഹയില്‍ തന്നെയാണ് വീണ്ടും എത്യോപ്യക്കാര്‍ സംഘര്‍ഷമുണ്ടാക്കിയത്. അല്‍ഫുര്‍യാന്‍ റോഡില്‍ തമ്പടിച്ച ഇവര്‍ സൗദി പൗരന്മാരെയും വിദേശ തൊഴിലാളികളെയും ആക്രമിച്ചു.

വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറും ഉണ്ടായി. അന്‍പതോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.

സംഘര്‍ഷം നിയന്ത്രിക്കാന്‍ റിയാദില്‍ നിന്ന് ദ്രുതകര്‍മ്മസേനയും എത്തി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. വിവിധ സൈനിക വിഭാഗങ്ങള്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ശനിയാഴ്ചയുണ്ടായ രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തിലേയ്ക്ക് മാറിയ എത്യോപ്യക്കാരില്‍ ചിലര്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്ത് കടന്നതായും സൂചനയുണ്ട്. അനധികൃത താമസക്കാര്‍ക്ക് കീഴടങ്ങാനായി അനുവദിച്ച സമയപരിധി ഇരുപത്തിമൂവായിരത്തോളം എത്യോപ്യക്കാര്‍ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.

അഭയകേന്ദ്രത്തിലേയ്ക്ക് പ്രത്യേകത ബോധവല്‍ക്കരണ സമിതിയെ നിയമിക്കുമെന്ന് എത്യോപ്യന്‍ എംബസി അറയിച്ചു. തുടര്‍ച്ചയായ സംഘര്‍ഷങ്ങളില്‍ എംബസി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ തൊഴില്‍ മേഖലയുടെ ശുദ്ധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും അനധികൃത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് പിന്നാക്കം പോവില്ലെന്നും സൗദി ഭരണകൂടം വ്യക്തമാക്കി.

Advertisement