nithakath

റിയാദ്: തൊഴില്‍ സംബന്ധമായ രേഖകള്‍ ശരിയാക്കാനായി അനുവദിച്ച ഇളവ് കാലത്തിന് ശേഷം ആരംഭിച്ച പരിശോധനയില്‍  സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ആളുകള്‍ അറസ്റ്റിലായി.

തബൂക്കില്‍ 150, അല്‍ ബാഹയില്‍ 208, തായിഫില്‍ 83, കിഴക്കന്‍ പ്രവിശ്യയിലെ രണ്ടാം വ്യവസായ മേഖലയില്‍ 30 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

രാജ്യത്താകെ മൂവായിരത്തോളം പേര്‍ പിടിയിലായതാണ് സുരക്ഷാസേന നല്‍കുന്ന വിവരം.

ഇളവ് കാലയളവില്‍ രജിസ്റ്റര്‍ ചെയ്തവരെന്ന് ബോധ്യപ്പെടുന്നവരെ വിട്ടയയ്ക്കുമെന്ന് ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ് അറിയിച്ചു.

ഷോപ്പിങ് മാളുകള്‍, കെട്ടിട നിര്‍മാണ സൈറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹജ്, ഉംറ തീര്‍ത്ഥാടകരെയും ചികിത്സയ്ക്കായി എത്തിയവരെയും പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കൃത്യമായ രേഖകളില്ലാത്തവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള പൂര്‍ണ അധികാരം പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

മൂന്ന് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. താമസരേഖയില്ലാത്തവരെ കണ്ടെത്തുന്നതിനും തൊഴില്‍ നിയമം ലംഘിച്ചവരെ കണ്ടെത്തുന്നതിനും കൂടാതെ സ്വദേശിവല്‍ക്കരണത്തിന്റെ സ്ഥിതി അറിയാനും പരിശോധനകള്‍ നടക്കുന്നുണ്ട്.

വിദേശ തൊഴിലാളികള്‍ രാജ്യം  വിട്ട് പോകണമെന്നല്ല, നിയമവിധേയമായി ജോലി ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് സൗദി തൊഴില്‍ ഉപമന്ത്രി മുഫ്‌റജ് അല്‍ഹഖ്ബാനി വ്യക്തമാക്കി.

വീടുകളില്‍ കയറിയുള്ള പരിശോധന തല്‍ക്കാലം ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

അതേ സമയം ഇളവുകാലം നീട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന പ്രവാസിസമൂഹം കടുത്ത സമ്മര്‍ദ്ദത്തിലാണ്.  പരിശോധന ഭയന്ന് സൗദിയില്‍ കടകളും കമ്പനികളും വന്‍ തോതില്‍ അടഞ്ഞ് കിടന്നു. തൊഴിലാളികള്‍ വിട്ട് നിന്നതിനാല്‍ കെട്ടിടനിര്‍മാണ മേഖലയിലും വ്യവസായ മേഖലയിലും പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.

ഇളവുകാലം പ്രയോജനപ്പെടുത്താതിരുന്നവരും ഓഫീസുകളില്‍ രേഖകള്‍ സമര്‍പ്പിച്ച് പുതിയതിന് കാത്തിരിക്കുന്നവരും പരിശോധനയില്‍ കുടുങ്ങുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.

റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ വന്‍നഗരങ്ങളിലടക്കം തെരുവുകളും കടകളും ഏറെക്കുറെ വിജനമായി കാണപ്പെട്ടു. മിക്കയിടങ്ങളിലും റോഡുകളും വിജനമായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള റിയാദ്, മക്ക തുടങ്ങി മിക്ക നഗരങ്ങളിലും ഹര്‍ത്താല്‍ പ്രതീതിയായിരുന്നു.

പരിശോധനയുടെ കാഠിന്യം അറിഞ്ഞ ശേഷം പുറത്തിറങ്ങാം എന്ന തീരുമാനത്തിലാണ് രേഖകളില്ലാത്ത പ്രവാസികള്‍. തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്‌പോണ്‍സര്‍മാരും തൊഴില്‍ദാതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

പലയിടത്തും ഡ്രൈവര്‍മാര്‍ പുറത്തിറങ്ങാത്തതിനാല്‍ സ്‌കൂളുകളിലേയ്ക്ക് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്ന പല കുട്ടികള്‍ക്കും ക്ലാസ് നഷ്ടപ്പെട്ടു.

താല്‍കാലിക വിസയിലെത്തിയവര്‍ അധ്യാപകരായി ജോലി ചെയ്യുന്ന സ്‌കൂളുകളെയും ഇത് സാരമായി ബാധിച്ചു.

അതിനിടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലുമില്ലാത്ത അനധികൃത താമസക്കാരെ ആജീവനാന്ത പ്രവേശനവിലക്കോടെ മടക്കിയയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.