മുംബൈ: ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ ഇടത്തരം സെഡാന്‍ കാറായ സണ്ണി ഇന്ത്യന്‍ വിപണിയില്‍. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച സണ്ണിയുടെ വില 5.78ലക്ഷം രൂപ മുതല്‍ 7.68 ലക്ഷം രൂപ വരെയാണ്.

ലോകവിപണി ലക്ഷ്യമാക്കി നിസാന്‍ രൂപകല്‍പ്പന ചെയ്ത സെഡാന്‍ സണ്ണി 2010ലെ ചൈന ഇന്റര്‍നാഷണല്‍ ഓട്ടോ എക്‌സിബിഷനിലാണ് ആദ്യമായി അവതരിപ്പിച്ചത്. നിസാന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ചെറുകാര്‍ മൈക്രയുടെ പ്ലാറ്റ്‌ഫോമില്‍ വ്കസിപ്പിച്ച ഇടത്തരം സെഡാനാണ് സണ്ണി.

ചെന്നൈയ്ക്ക് സമീപമുള്ള ഒറഗഡത്തെ നിസാന്‍ പ്ലാന്റിലാവും ഇന്ത്യയില്‍ ഈ കാര്‍ നിര്‍മ്മിക്കുക. ഈ സാമ്പത്തിക വര്‍ഷത്തിന്റ അവസാനത്തോടെ 12,000 സെഡാന്‍ സണ്ണി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. . മാരുതി സ്വിഫ്റ്റ് ഡിസയര്‍, ഫോക്‌സ് വാഗണ്‍ വെന്റോ, ഫോര്‍ഡ് ഫിയസ്റ്റ, ഹ്യുണ്ടായ് വെര്‍ണ, ഷെവര്‍ലെ ആവിയോ എന്നിവയോടാവും കാര്‍ വിപണിയില്‍ സണ്ണിയുടെ പ്രധാന മത്സരം.

സാമ്പത്തിക വര്‍ഷത്തില്‍ 13030 കാറുകളാണ് നിസാന്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇതില്‍ 12000 വും ചെറുകാറായ മൈക്ര ആയിരുന്നു. മൈക്രയുടെ വന്‍ വില്‍പ്പന പരിഗണിച്ച് പുതിയ മൂന്ന്് മോഡലുകള്‍ 2015ന് മുമ്പായി വിപണിയിലെത്തിക്കുമെന്ന് നിസാന്‍ മോട്ടോര്‍ കമ്പനിയുടെ കോര്‍പറേറ്റ് വൈസ് പ്രസിഡണ്ട് ഗില്ലസ് നോര്‍മാന്‍ പറഞ്ഞു