കണ്ണൂര്‍: കാസര്‍കോഡ്  വെടിവയ്പ് സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് എം.എ. നിസാര്‍ കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി തനിക്ക് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും സിറ്റിംഗുമായി മുന്നോട്ടുപോകുമെന്നും ജസ്റ്റിസ് എം.എ നിസാര്‍ പറഞ്ഞു. സെപ്തംബര്‍ 3ന് രണ്ടാമത്തെ സിറ്റിംഗ് നടത്താനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. കാസര്‍ഗോഡ് കളക്‌ട്രേറ്റില്‍ വച്ചാണ് സിറ്റിംഗ് നടക്കുക.

കാസര്‍കോഡ് വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്നും നിസാര്‍ കമ്മീഷനെ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം തന്നെ ഇതുവരെ അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇക്കാര്യം അറിയുന്നത്. അതിനാല്‍ തന്റെ അറിവില്‍ താനിപ്പോഴും അന്വേഷണ കമ്മീഷന്‍ തന്നെയാണെന്നും നിസാര്‍ പറഞ്ഞു.