വാഷിങ്ടണ്‍ :ഇന്ത്യ-യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതു വൈകില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ലോക്‌സഭ സമ്മേളിക്കുമ്പോള്‍ ആണവ ദുരന്ത ബാധ്യതാ ബില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിരുപമ റാവു പറഞ്ഞു. അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നിരുപമ വാഷിംങ്ടണിലെ വുഡ്രോ വില്‍സണ്‍ സെന്ററില്‍ നടത്തിയ പ്രഭാഷണത്തിനുശേഷം ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു. ഇന്ത്യ- യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ ജനങ്ങളെ ബാധിക്കുന്ന രാജ്യാന്തര നിയന്ത്രണങ്ങളെ ഇന്ത്യ എതിര്‍ക്കുമെന്നും ഇറാനുമായി മികച്ച ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്നും നിരപമ റാവു പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെ മെച്ചപ്പെട്ടിട്ടുണ്ട. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളെയും വാണിജ്യ ബന്ധത്തെയും ബാധിച്ചിട്ടില്ല.

രാജ്യംവിടാന്‍ വേണ്ടിയാണ് അഫ്ഗാനില്‍ ഇന്ത്യക്കാര്‍ക്കെതിരെ തുടര്‍ച്ചയായി തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ആക്രമണം പേടിച്ച് രാജ്യംവിടാന്‍ ഇന്ത്യക്കാര്‍ തയ്യാറല്ലെന്നും നിരുപമ പറഞ്ഞു.

അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജയിംസ് ജോണ്‍സുമായും നിരുപമ റാവു കൂടികാഴ്ച്ച നടത്തും.