കൊല്‍ക്കത്ത: ബംഗാളിലെ വ്യവസായ വത്കരണത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ വ്യവസായ മന്ത്രിയുമായ നിരുപം സെന്‍ സമ്മതിച്ചു. ബംഗാളിലെ സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ഗണശക്തിയുടെ നവരാത്രി പ്രത്യേക പതിപ്പിലാണ് സെന്നിന്റെ കുറ്റസമ്മതം. ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ആരംഭിച്ച വ്യവസായവത്കരണ ശ്രമം പിഴച്ചു പോയെന്നും സ്വകാര്യ കമ്പനികള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുത്തത് കര്‍ഷകര്‍ക്കിടിയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന പിന്തുണ ഇടയാന്‍ കാരണമായെന്നും സെന്‍ വ്യക്തമാക്കുന്നു.

സ്വകാര്യ കമ്പനികള്‍ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കുന്നത് വലി ചര്‍ച്ചയായി. വിവധ പദ്ധതികളോടുള്ള എതിര്‍പ്പ് ശക്തമായി. പ്രതിപക്ഷം ഇത് ഒരവസരമായി മുതലെടുത്തുവെന്നും സെന്നിന്റെ ലേഖനത്തില്‍ പറയുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലി കര്‍ഷകരുടെ മനസ്സിലുറച്ച ഭയമാണ് ഇടതു മുന്നണിയുടെ പിന്തുണ നഷ്ടമാകാന്‍ കാരണമെന്നും സെന്‍ പറയുന്നു.

ഭൂമി ഏറ്റെടുക്കുന്നതിനെ സി.പി.ഐ.എമ്മിലെ നേതാക്കള്‍ തന്നെ ചോദ്യം ചെയ്തിരുന്നു. ഇടത് പക്ഷത്ത് നിന്നിരുന്ന മറ്റ് നിരവധി പേരും ചോദ്യങ്ങളുമായി രംഗത്തു വന്നു. ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതില്‍ സി.പി.ഐ.എം പരാജയപ്പെട്ടു. പരിചയക്കുറവും വ്യവസായ വത്കരണത്തിന്റെ വേഗം കൂട്ടാനുള്ള ആഗ്രഹവുമാണ് കാര്യങ്ങള്‍ ഇങ്ങിനെയാക്കിയത്.

പാര്‍ട്ടിക്കുള്ളില്‍ നിന്ന് വലിയ വിമര്‍ശമാണ് നിരുപം സെന്‍ നേരിട്ടിരുന്നത്. സിംഗൂരിലെ കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത് ടാറ്റക്ക് കൈമാറാന്‍ സെന്നിനെ അനുവദിക്കരുതെന്ന് മുതിര്‍ന്ന നേതാവായ അബ്ദുല്‍ റസാഖ് മുല്ല സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിംഗൂരില്‍ ടാറ്റായുടെ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിറകോട്ട് പോകില്ലെന്നാണ് അന്ന് സെന്‍ പ്രതികരിച്ചത്.

പശ്ചിമ ബാംഗാളില്‍ ഇടത് മുന്നണി സര്‍ക്കാര്‍ ആരംഭിച്ച വ്യവസായവത്കരണത്തിന്റെ ശില്‍പിയായിരുന്നു സെന്‍. ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് കഴിഞ്ഞ നിയമസഭാ തിരഞെടുപ്പു കാലത്ത് ബുദ്ധദേവ് ഭട്ടാചാര്യ തുറന്നു പറഞ്ഞിരുന്നു. കൃഷി ഭൂമി വ്യവസായിക ആവശ്യത്തിന് ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴും നിരുപം സെന്‍ തെറ്റ് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല.