ന്യൂദല്‍ഹി: പശു സംരക്ഷണം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
ലോകസഭയില്‍ എഫ്.ഡി.ഡി.ഐ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് പിന്നില്‍ ഗോസംരക്ഷണായിരുന്നെന്ന് നിര്‍മ്മല പറഞ്ഞത്.


Also read മഹിജയോട് സഹതാപം ഉണ്ട്; കോണ്‍ഗ്രസും ബി.ജെ.പിയും അവരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു; എം.എം മണി 


യു.പിയിലെ ഗോവധ നിരോധനം മൂലം ലെതര്‍ മേഖലയില്‍ ചെരുപ്പുണ്ടാക്കാനുള്ള തൊലിയുടെ ലഭ്യതയില്‍ കുറവുണ്ടാകുന്നെന്ന് ചൂണ്ടിക്കാണിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മന്ത്രി പശു സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാദങ്ങള്‍ ഉന്നയിച്ചത്.

‘യു.പിയില്‍ പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്വാതന്ത്ര്യസമരകാലത്ത് തന്നെ ഉണ്ടായിരുന്ന കാര്യമാണിതെന്നുമാണ് മന്ത്രി വിശദീകരിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ പിന്നിലെ വികാരത്തിനൊപ്പം അണിനിരക്കുക മാത്രമാണ് യോഗി ആദിത്യനാഥ് ചെയ്യുന്നത് ഒന്ന് സ്വാതന്ത്ര്യസമരകാലത്തും മറ്റൊന്ന് ഇപ്പോഴും നടക്കുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളു’ അവര്‍ പറഞ്ഞു.

ഗോസംരക്ഷണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും അത് നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരാഹ്വാനത്തിന്റെ ഭാഗമായിരുന്നുവെന്നും പറഞ്ഞ മന്ത്രി ലെതര്‍ വ്യവസായത്തിന് ആവശ്യമായ തൊലി ലഭിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും സഭയെ അറിയിച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമങ്ങളെ വളച്ചൊടിച്ച് വിവാദമുണ്ടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പിന്നിലെ ‘സ്പിരിറ്റ്’ ഗോസംരക്ഷണമായിരുന്നുവെന്നായിരുന്നുവെന്ന മന്ത്രിയുടെ വാദത്തെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി.