ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി.ജെ കുര്യന് ബഹിഷ്‌കരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനിക്കുമെന്ന് ബി.ജെ.പി വക്താവ് നിര്‍മലാ സീതാരാമന്‍.

Ads By Google

രാജ്യസഭയില്‍ വനിതാസുരക്ഷാബില്‍ അവതരിപ്പിക്കാനിരിക്കെ സ്ത്രീപീഡനകേസില്‍ ആരോപണവിധേയനായ കുര്യന്‍ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് കുര്യനെ ബഹിഷ്‌കരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബി.ജെ.പി ആലോചിക്കുന്നത്.

എന്നാല്‍ സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കുര്യനെ അനുകൂലിച്ചാണ് ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തുവന്നത്.

കുര്യനെതിരെ സംസ്ഥാനതലത്തില്‍ ബി.ജെ.പി പ്രതിഷേധം ശക്തമാക്കുകയും ദേശീയ നേതൃത്വത്തെ തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

ഇവരുടെ സമ്മര്‍ദ്ദഫലമായാണ് കുര്യന് ബഹിഷ്‌കരണം ഏര്‍പ്പെടുത്താനുള്ള നീക്കം. എന്നാല്‍ ബി.ജെ.പി രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ജയ്റ്റ്‌ലിക്കു തന്റെ നിരപരാധിത്വം അറിയാമെന്നും തനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ അന്ന് ഹാജരായത് അരുണ്‍ ജയ്റ്റ്‌ലിയാണെന്നും കുര്യന്‍ പറഞ്ഞു.

എന്നാല്‍ കുര്യനെതിരെയുള്ളത് വ്യക്തിപരമായ ആരോപണം മാത്രമാണെന്നും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം അദ്ദേഹം രാജിവെച്ചാല്‍ മതിയെന്നും ബി.ജെ.പി ദേശീയ നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞിരുന്നു.

കുര്യന്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഒരിക്കല്‍ കോടതി പരിഗണിച്ച വിഷയമാണിതെന്നും കോടതി എതിരായി പറഞ്ഞാല്‍ മാത്രമേ രാജിവെക്കേണ്ടതുള്ളൂവെന്നും മുരളി മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടിരുന്നു.

ഇതുവരെ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.എന്നാല്‍ സംസ്ഥാനകമ്മറ്റിയുടെ സമ്മര്‍ദ്ദം കാരണം നിലപാടില്‍ മാറ്റം വരുത്തുമെന്നാണ് സൂചന.