കോഴിക്കോട്: നിര്‍മല്‍ മാധവിനെ കോഴിക്കോട് വെസ്റ്റ്ഹില്‍ കോളേജില്‍ നിന്ന് മറ്റൊരു സ്വാശ്രയ കോളേജിലേക്ക് മാറ്റാന്‍ തീരുമാനമായതോടെ നിര്‍മല്‍ മാധവ് പ്രശ്‌നം ഒത്തുതീര്‍ന്നു. നാളെ മുതല്‍ വെസ്റ്റ്ഹില്‍ എഞ്ചിനീയറിങ് കോളേജ് തുറന്നുപ്രവര്‍ത്തിക്കും. കോഴിക്കോട് കലക്ടര്‍ പി.ബി.സലീമിന്റെ ചേംബറില്‍ എസ്.എഫ്.ഐ നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും നിര്‍മല്‍ മാധവിന്റെ പ്രവേശനമെന്ന് സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ജില്ലാ കലക്ടര്‍ പി.ബി.സലിം അറിയിച്ചു. യോഗത്തിനിടെ നിര്‍മല്‍ മാധവിനെ വിളിപ്പിക്കുകയും സ്വാശ്രയ കോളേജില്‍ പ്രവേശനം നല്‍കാനുള്ള തീരുമാനം അറിയിക്കുകയും ചെയ്തു.

സര്‍വകലാശാല നിയമങ്ങളനുസരിച്ച് നിര്‍മ്മല്‍ മാധവിന് കേരളത്തിലെ മറ്റേതെങ്കിലും സ്വാശ്രയ കോളേജില്‍ അഡ്മിഷന്‍ നല്‍കുമെന്ന കലക്ടറുടെ ഉറപ്പ് എസ്.എഫ്.ഐ അംഗീകരിക്കുകയായിരുന്നു. ഇതോടെ രണ്ട് മാസമായി നടന്നുവന്ന പ്രക്ഷോഭ പരിപാടികള്‍ പിന്‍വലിക്കുകയാണെന്ന് എസ്.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.

നിര്‍മല്‍ മാധവിനെ മലപ്പുറം ജില്ലയിലെ പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിംഗ് കോളജിലേക്കാണ് മാറ്റാനാണ് നീക്കം നടക്കുന്നത്.