എഡിറ്റര്‍
എഡിറ്റര്‍
ജുവനൈല്‍ കോടതി വിധിയ്‌ക്കെതിരെ നിര്‍ഭയയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍
എഡിറ്റര്‍
Saturday 30th November 2013 8:02am

delhi-victim

ന്യൂദല്‍ഹി: ദല്‍ഹി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ശിക്ഷ റദ്ദാക്കിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍.

പ്രതിയുടെ നിലവിലെ ശിക്ഷ റദ്ദാക്കി പുനര്‍വിചാരണ നടത്തി മറ്റ് പ്രതികളുടേതുപോലെ ക്രിമിനല്‍ കോടതിയില്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഇരുവരും സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

അഭിഭാഷകന്‍ അമന്‍ ഹിങ്കോരാനി വഴിയാണ് മാതാപിതാക്കള്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിക്കുന്ന പരമാവധി ശിക്ഷ.

എന്നാല്‍ ബലാത്സംഗം, കൊലപാതകം മുതലായ ഗൗരവകരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതിക്ക് പ്രായത്തിന്റെ പേര് പറഞ്ഞ് ഇളവ് നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹരജിയില്‍ പറയുന്നത്.

അതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പ്രസ്തുത വിധി റദ്ദാക്കി ക്രിമിനല്‍ നിയമപ്രകാരം പുനര്‍വിചാരണ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിലും രഹസ്യഭാഗങ്ങളിലും മര്‍ദ്ദിച്ചതുള്‍പ്പടെ കൂട്ടത്തില്‍ ഏറ്റവും ക്രൂരമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹീനകൃത്യത്തിന് ഈ ശിക്ഷ പോരെന്നും പ്രതിയുടെ ശിക്ഷയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

ക്രമിനല്‍ കേസ് പ്രതിയുടെ വിചാരണ നടത്താനുള്ള ക്രമിനല്‍ കോടതിയുടെ അധികാരത്തെ തടസ്സപ്പെടുത്താനാവില്ലെന്ന് ഹരജി വ്യക്തമാക്കുന്നുണ്ട്. കേസുകള്‍ വിചാരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതികളുടെ വിവേചനാധികാരത്തെ തടയുന്ന നിയമം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നുണ്ട്.

പതിനൊന്ന് പേജ് വരുന്ന ഹരജിയില്‍ തിങ്കളാഴ്ച്ച ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച്ച വാദം കേള്‍ക്കും. 2012 ഡിസംബര്‍ 16 നാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ഇരുപത്തിമൂന്നുകാരി ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച ക്രൂരമാനഭംഗത്തിനിരയായത്.

ദല്‍ഹിയിലെ മുനിര്‍കയില്‍ നിന്ന് പാലം വരെ പോകുന്ന ബസില്‍ രാത്രി 9.45ഓടെയാണ് പെണ്‍കുട്ടിയും സുഹൃത്തും കയറിയത്. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ഒരു സംഘം ശല്യം ചെയ്തതിനെ സുഹൃത്ത് എതിര്‍ത്തപ്പോള്‍ ഇരുവരെയും സംഘം ആക്രമിക്കുകയായിരുന്നു.

അക്രമത്തിനിരയായ പെണ്‍കുട്ടിയെ ആദ്യം ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും പിന്നീട് സിങ്കപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അണുബാധ മൂലം പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.

കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലാന്‍ പ്രത്യേക അതിവേഗ കോടതി വിധിച്ചിരുന്നു. ഒമ്പത് മാസത്തെ വിചാരണയ്‌ക്കൊടുവില്‍ സെപ്തംബര്‍ 13 ലെ വിധിയില്‍ അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക വധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനനെല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കും അയച്ചു.പ്രതികളിലൊരാളായ രാംസിങ് വിചാരണവേളയില്‍ ജയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Advertisement