കൊച്ചി: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ കപ്പല്‍ച്ചാലിന്റെ ആഴം വര്‍ധിപ്പിച്ച് സേതുസമുദ്രം പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതിക്ക് ദോഷമാകില്ലെന്ന് ദേശീയ സമുദ്ര വിജ്ഞാനീയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (എന്‍.ഐ.ഒ.) പഠന റിപ്പോര്‍ട്ട്.

പരിസ്ഥിതി പഠനത്തില്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ പ്രത്യാഘാതങ്ങള്‍ ചെറുതാണെന്നാണ് കൊച്ചി ആസ്ഥാനമായ എന്‍.ഐ.ഒയുടെ റിപ്പോര്‍ട്ടിലുള്ളത്. പാക് കടലിടുക്കിനും മന്നാര്‍ ഉള്‍ക്കടലിനുമിടയ്ക്ക് കടല്‍ത്തിട്ട മുറിച്ച് 167 കിലോമീറ്റര്‍ ദൂരത്തിലാണ് ആഴം വര്‍ധിപ്പിക്കുന്നത്. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയ്ക്ക് മാറ്റം സംഭവിക്കില്ലെന്നും കപ്പല്‍ഗതാഗതം പാരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കില്ലെന്നുമാണ് എന്‍.ഐ.ഒയുടെ കണ്ടെത്തല്‍.

നിലവില്‍ പലയിടത്തും 67 മീറ്റര്‍ ആഴമുണ്ട്. അത് പതിനഞ്ച് മീറ്റര്‍ വരെയാക്കുമ്പോള്‍ വേലിയേറ്റവേലിയിറക്കത്തെ ബാധിക്കില്ല. ആഴം വര്‍ധിപ്പിക്കുന്നത് മത്സ്യ സമ്പത്തിനെ ബാധിക്കില്ല. 160 ഇനം പക്ഷികള്‍, 197 ഇനം മീനുകള്‍ 36 ഇനം ഞണ്ടുകള്‍ ഇവിടെയുണ്ട്. കടല്‍തിട്ട ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ക്ഷോഭത്തെ തടഞ്ഞുനിര്‍ത്തുന്നതാണെങ്കിലും ഇടയ്ക്ക് ആഴം കൂട്ടുന്നത് സ്വാഭാവികതയെ ബാധിക്കില്ല.

സേതുസമുദ്രം കപ്പല്‍ച്ചാല്‍ പദ്ധതിക്കായി (എസ്.എസ്.സി.പി.) ആഡംസ്ബ്രിഡ്ജ് (രാമസേതു) എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ ചിറ മുറിച്ച് ആഴം കൂട്ടുന്നതാണ് പദ്ധതി. സുപ്രീംകോടതി നിയോഗിച്ച ആര്‍.കെ. പച്ചൗരി കമ്മറ്റിക്കു മുമ്പാകെയാണ് എന്‍.ഐ.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് അടുത്തമാസം പരിഗണിക്കും.

രാജ്യത്തിന്റെ പശ്ചിമപൂര്‍വതീരങ്ങളെ ബന്ധിപ്പിച്ചുള്ള ചാനല്‍ പൂര്‍ത്തിയായാല്‍ കൊളംബോയെ ആശ്രയിക്കാതെ സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള കപ്പല്‍ഗതാഗതം മെച്ചപ്പെടുമെന്നതാണ് പ്രധാനനേട്ടം. വല്ലാര്‍പാടത്തുനിന്ന് വിശാഖപട്ടണം, ചെന്നൈ, കൊല്‍ക്കത്ത തുറമുഖങ്ങളിലേക്കുള്ള ആഭ്യന്തര ചരക്കുനീക്കവും സുഗമമാകുമെന്നാണ് പറയുന്നത്.

പതിനെട്ട് മാസമെടുത്താണ് എന്‍.ഐ.ഒ പഠനം നടത്തിയത്. കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്താനും ശുപാര്‍ശയുണ്ട്. എന്നാല്‍ വന്‍തോതിലുള്ള കപ്പല്‍ ഗതാഗതം കടലില്‍ എണ്ണയുടെ അംശം ഗണ്യമായി വര്‍ധിച്ച് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കാമെന്നും മുന്‍കരുതല്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Malayalam News

Kerala News In English