എഡിറ്റര്‍
എഡിറ്റര്‍
ആസാമില്‍ ദീപാവലി ആഘോഷത്തിനിടെ തീവ്രവാദി ആക്രമണം: 9 മരണം
എഡിറ്റര്‍
Monday 4th November 2013 9:22am

asam-terror

ആസാം: ആസാമിലെ ഗോല്‍പാറയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒന്‍പതുപേര്‍ മരിച്ചു. പത്ത് പേര്‍ക്കു പരിക്കേറ്റു. ദീപാവലി ആഘോഷത്തിന് ഒത്തുചേര്‍ന്നവര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഗരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയില്‍പ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷസേന സംഭവസ്ഥലത്തേക്ക് തിരിച്ചു.

പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് 2009 മുതല്‍ ഗാരോ മലനിരകളില്‍ ഒളിച്ചുതാമസിക്കുന്ന ഗറില്ലകളാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.

പരുക്കേറ്റവരെ ഗോല്‍പാറ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സൈനിക വേഷത്തില്‍ എത്തിയ ആയുധധാരികള്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ആസാം പൊലീസ് എ.ഡി.ജി എ.പി റൗത്ത് പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലിയിരുത്തി.

പത്ത് പേര്‍ക്ക് വെടിയേറ്റും തിക്കിലും തിരക്കിലും പെട്ടും പരിക്കേറ്റിട്ടുണ്ട്. നവംബര്‍ 13 നും 25 നും രഭ ഹസോങ് സ്വയംഭരണ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രദേശത്ത് ഗറില്ലാ ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഒക്ടോബര്‍ 20 മുതല്‍ ഇവിടെ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും വേണ്ടത്ര പോലീസിനെ വിന്യസിപ്പിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

Advertisement