Administrator
Administrator
നിലമ്പൂരില്‍ ഫാക്ടറി സമരക്കാര്‍ക്ക് നേരെ വെടിവെപ്പ്: രണ്ട് പേര്‍ക്ക് പരിക്ക്
Administrator
Tuesday 5th January 2010 6:53pm

nilambur-latex-firingമലപ്പുറം: നിലമ്പൂര്‍ മമ്പാട് ആര്‍ കെ ലാറ്റക്‌സ് ഫാക്ടറിക്ക് മുമ്പില്‍ സമരപ്പന്തല്‍ കെട്ടിയവര്‍ക്ക് നേരെ വെടിവെപ്പും വടിവാള്‍ ആക്രമണവും. രണ്ട് സമരക്കാര്‍ക്ക് പരിക്കേറ്റു. പനോലന്‍ ബഷീറിനാണ് (24) വെടിയേറ്റത്. ജുനൈദാനാണ് (19) വെട്ടേറ്റത്. ബഷീറിന് തുടയ്ക്കാണ് വെടിയേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് വെടിവെപ്പ് നടന്നതെന്നാണ് ആരോപണം.

ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. സമരപ്പന്തല്‍ കെട്ടാനെത്തിയവരുമായി സെക്യൂരിറ്റി ജീവനക്കാര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. വെടിവെക്കുന്നത് തടയാനെത്തിയപ്പോഴാണ് മ്‌റ്റൊരാള്‍ക്ക് വെട്ടേറ്റത്. നിലമ്പൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തുള്ളത്.

ക്ഷുഭിതരായ നാട്ടുകാര്‍ ഫാക്ടറിക്ക് തീകൊടുത്തിരിക്കയാണ്. ഫാക്ടറിയുടെ ഒരു ഭാഗം കത്തിക്കൊണ്ടിരിക്കയാണ്. തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം നടത്തുന്നുണ്ട്.

റബ്ബര്‍ സംസ്‌കരണ ഫാക്ടറി ഉയര്‍ത്തുന്ന മലിനീകരണത്തിനിതെരെ നാളെ നടക്കുന്ന ഉപവാസ സമരത്തിന് പന്തല്‍ കെട്ടാന്‍ രാവിലെ ഫാക്ടറിക്ക് പുറത്തെത്തിയതായിരുന്നു സമരക്കാര്‍. ഇവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഫാക്ടറിക്കുള്ളില്‍ നിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരായി ഗുണ്ടകളെയാണ് ഇവിടെ നിയമിച്ചിരിക്കുന്നതെന്നാണ് ആരോപണം.

റബ്ബര്‍ സംസ്‌കരണ ഫാക്ടറിമൂലമുള്ള മലിനീകരണത്തിനെതിരെ മാസങ്ങളായി ഈ പ്രദേശത്ത് സമരം നടന്നുവരികയായിരുന്നു. ചാലിയാര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെയാണ് സമരം നടക്കുന്നത്. സമാധാനപരമായി നടക്കുന്ന സമരത്തിനെതിരെയുണ്ടായ ആക്രമണത്തിനെതിരെ ശക്തമായ ജനവികാരമുയര്‍ന്നിരിക്കയാണ്. പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ പല തവണ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയിരുന്നു.

നിലമ്പൂരില്‍ തന്നെ മന്ത്രിമാരായ പാലൊളി മുഹമ്മദ്കുട്ടി, ഏ.കെ. ബാലന്‍, കെ.പി.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്ന പട്ടയമേള നടന്നുകൊണ്ടിരിക്കെയാണ് ഏറെ അകലെയല്ലാതെ ഈ അക്രമം നടന്നത്.

Advertisement