തിരുവനന്തപുരം വരുന്ന ശബരിമല സീസണ്‍കാലത്ത് നിലയ്ക്കലില്‍ കുപ്പിവെള്ള വില്പനയ്ക്ക് കരാര്‍ നല്‍കാനുള്ള മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശ റദ്ദാക്കി. പുതിയ ടെന്റര്‍ ക്ഷണിക്കാന്‍ ഇന്നലെ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചു.
നിയമാനുസൃതം ടെന്‍ഡര്‍ പരസ്യം നല്‍കാതെ നിലയ്ക്കലില്‍ കുപ്പിവെള്ളവില്‍പ്പനയ്ക്ക് മുന്‍ ദേവസ്വം കമ്മിഷണര്‍ അനുമതി നല്‍കിയ നടപടി സുതാര്യമല്ലെന്നുകണ്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. കോലഞ്ചേരിയിലെ ഫൈവ്‌സ്റ്റാര്‍ ഫുഡ് ആന്‍ഡ് ബിവറേജസിന് കരാര്‍ അനുവദിക്കാന്‍ നല്‍കിയ ശുപാര്‍ശ നിരാകരിക്കും.

അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ് തുടങ്ങി മുകളിലോട്ടുള്ള തസ്തികകളിലെ ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം, അച്ചടക്കനടപടി എന്നിവയ്ക്കുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമാക്കാന്‍ തീരുമാനിച്ചു. മുന്‍ ബോര്‍ഡിന്റെ കാലത്ത് 2007ലും 2008ലുമായി ഈ അധികാരങ്ങള്‍ ദേവസ്വം കമ്മിഷണര്‍ക്കും ചീഫ് എന്‍ജിനിയര്‍ക്കുമായി കൈമാറിയിരുന്നു. ഇത് തിരിച്ചെടുക്കും.
ദേവസ്വംബോര്‍ഡിന്റെ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗണ്‍സില്‍ അഡ്വ.വി. കൃഷ്ണമേനോനെ നീക്കി അഡ്വ. വി.വി. നന്ദഗോപാല്‍ നമ്പ്യാരെ നിയമിക്കും.