ന്യൂദല്‍ഹി: വയനാട് സ്വദേശിയായ യുവാവിനെ ദക്ഷിണാഫ്രിക്കയില്‍ തട്ടികൊണ്ടു പോയ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രവാസകാര്യമന്ത്രി വയലാര്‍ രവി. ദക്ഷിണാഫ്രിക്കയിലെ ഓര്‍ഗനൈസ്ഡ് ക്രൈം കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഒരു പാക്കിസ്ഥാന്‍ പൗരന് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

വയനാട് മീനങ്ങാടിക്കടുത്ത് പാലക്കമൂല കല്ലാപ്പാറ ബേബിയുടെ മകന്‍ നിഥിന്‍ എന്ന എബിയെയാണ് (27) തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയതായി വീട്ടില്‍ ഫോണ്‍ സന്ദേശം ലഭിച്ചത്. നിഥിനെ വിട്ടുകിട്ടാന്‍ ഒരു കോടി രൂപ മോചനദ്രവ്യം നല്‍കണമെന്നും അല്ലാത്തപക്ഷം ഇയാളെ വധിക്കുമെന്നുമാണ് അക്രമികളുടെ ഭീഷണി.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ വാടകയ്‌ക്കെടുത്ത റിസോര്‍ട്ട് നടത്തുകയായിരുന്നു നിധിന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് നിധിന്റെ വീട്ടിലേക്ക് ആഫ്രിക്കന്‍ നീഗ്രോകളെന്നു പരിചയപ്പെടുത്തിയ രണ്ടു പേരുടെ ഫോണ്‍ സന്ദേശമെത്തിയത്. ബേബിയാണ് ഫോണെടുത്തത്. ”നിങ്ങളുടെ മകന്‍ ഞങ്ങളുടെ തടവിലാണ്.വിട്ടയയ്ക്കണമെങ്കില്‍ ഒരു കോടി രൂപ നല്കണം” എന്നാണ് വികലമായ ഇംഗ്ലീഷില്‍ റാഞ്ചികള്‍ പറഞ്ഞത്.

തുടര്‍ന്ന് നിധിന് ഫോണ്‍ കൈമാറി. തന്നെ തടങ്കലിലാക്കിയവര്‍ ആയുധധാരികളാണെന്നും പണം നല്കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും യുവാവ് പറഞ്ഞു. ഉച്ചയ്ക്കു രണ്ടോടെ അവര്‍ വീണ്ടും ഫോണില്‍ വിളിച്ചു. ഒരു കോടി രൂപ കയ്യിലില്ലെന്ന് അറിയിച്ചപ്പോള്‍ ഭൂമി വിറ്റുനല്കണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്.

രണ്ടു പാക്കിസ്ഥാനികളും ഒരു പഞ്ചാബുകാരനും അടങ്ങിയ സംഘമാണു തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണു സൂചന. രണ്ടാഴ്ച മുന്‍പ് ആന്ധ്ര സ്വദേശിയായ സ്വരൂപ് എന്ന യുവാവിനെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ചിരുന്നു. ആദ്യം ഒരു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പത്തുലക്ഷം രൂപയില്‍ ഒത്തുതീര്‍പ്പിലെത്തി. തുടര്‍ന്ന് സംഘം യുവാവിനെ തിരികെ നാട്ടിലേക്കു വിമാനം കയറ്റിവിടുകയായിരുന്നു. ഈ യുവാവിനെ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കയിലുള്ള നിധിന്റെ സുഹൃത്തുക്കള്‍ക്ക് വിവരം ലഭിച്ചത്.