തിരുവനന്തപുരം: മലബാറിലെ നാല് ജില്ലകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും ഇതിനെതിരെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ദേശീയ അന്വേഷണ ഏജന്‍സിയുടെ ദക്ഷിണമേഖലാ കോര്‍ഡിനേഷന്‍ യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.

Ads By Google

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ വിവിധ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനവും വര്‍ധിക്കുന്നു. ഇവിടെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇത് തടയാന്‍ രഹസ്യാന്വേഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും എന്‍.ഐ.എ നിര്‍ദേശിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വനമേഖലകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മതതീവ്രവാദത്തിന് പുറമേ ഈ മേഖലകളില്‍ നക്‌സലൈറ്റ്, മാവോയിസ്റ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ പക്കലുള്ള വിവരങ്ങള്‍ കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറാനും ധാരണയായി. എന്‍.ഐ.എ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍.ആര്‍ വാസനാണ് ഇക്കാര്യം അറിയിച്ചത്.

കള്ളനോട്ട് വ്യാപനം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാന്‍ എ.ഡി.ജി.പി വിന്‍സെന്റ് എം. പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കള്ളനോട്ട് വിതരണം വ്യാപകമായി നടക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കള്ളനോട്ട് വ്യാപകമാകുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളില്‍ എന്‍.ഐ.എ അന്വേഷണം നടത്തിവരികയാണ്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് അച്ചടിക്കുന്ന കള്ളനോട്ടുകള്‍ ബംഗ്ലാദേശ് വഴി ബാംഗാളിലെത്തിക്കുകയും അവിടെ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും കണ്ടെത്തിയിരുന്നു. അതിനാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും യോഗത്തില്‍ തീരുമാനമായി.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന എന്‍.ഐ.എ യോഗം ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. എന്‍.ഐ.എ അഡീ. ഡി.ജി.പി എന്‍.ആര്‍. വാസന്‍, കോര്‍ഡിനേഷന്‍ ഐ.ജി ലോക്‌നാഥ് ബെഹ്ര, എ.ഡി.ജി.പി വിന്‍സെന്റ് എം. പോള്‍, ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാര്‍, ഐ.ജി അനന്തകൃഷ്ണന്‍, സെക്യൂരിറ്റി എസ്.പി ജയനാഥ് എന്നിവരും തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് വര്‍മ്മ, സി.ബി.ഐ, റിസര്‍വ്ബാങ്ക്, ഡി.ആര്‍.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ ഫലപ്രദമായി അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കും.

കണ്ണൂര്‍ ജയിലില്‍ നിന്ന് തടിയന്റവിട നസീര്‍ ബാംഗ്ലൂരിലുള്ള സര്‍ഫ്രാസ് നവാസിന് കത്തെഴുതിയ കേസും ജയിലില്‍ നസീറിന് സിംകാര്‍ഡുകളെത്തിച്ച കേസും എന്‍.ഐ.എ ഏറ്റെടുക്കും. ദക്ഷിണേന്ത്യയില്‍ കള്ളനോട്ട് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി.