എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊലകേസ്: വിചാരണ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് എന്‍.ഐ.എ
എഡിറ്റര്‍
Thursday 13th March 2014 10:21am

italians

ന്യൂദല്‍ഹി: കടല്‍കൊല കേസില്‍  ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വിചാരണ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)
സുപ്രീംകോടതിയെ സമീപിച്ചു.

സുപ്രീംകോടതി ഈ മാസം 30ന് കേസ് പരിഗണിക്കാനിരിക്കെയാണു വിചാരണ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ പ്രത്യേക അപേക്ഷ നല്‍കിയിരിക്കുന്നത്.

കോടതി നിര്‍ദേശപ്രകാരമാണ് കേസിന്റെ അന്വേഷണം ഏറ്റെടുത്തതെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം നിലനില്‍ക്കില്ല എന്ന ഇറ്റലിയുടെ വാദം അംഗീകരിക്കാനാകില്ലെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു.

കോടതി മേല്‍നോട്ടത്തിലാണു കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു.

കടല്‍കൊല കേസില്‍ ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലാത്തോര്‍, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കെതിരെ എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ അനുമതിയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.

നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. സുവ നിയമം ഇല്ലെങ്കില്‍ എന്‍.ഐ.എയ്ക്ക് ഈ കേസ് അന്വേഷിക്കാനാകില്ല എന്നാണ് ഇറ്റലിയുടെ വാദം.

2012 ഫിബ്രവരി 15നാണ് കൊല്ലം നീണ്ടകരയ്ക്കടുത്ത് പുറംകടലില്‍ വെച്ച്  മലയാളി മത്സ്യതൊഴിലാളികളായ അജീഷ് പിങ്കി, ജലസ്റ്റിന്‍ എന്നിവരെ നാവികര്‍ വെടിവെച്ച് കൊന്നത്.

അന്താരാഷ്ട്ര കടല്‍ക്കൊള്ളനിയമവും തീവ്രവാദവിരുദ്ധനിയമവും ഉള്‍പ്പെടുന്ന സുവ നിയമമാണ് ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയിരുന്നത്.

Advertisement