എഡിറ്റര്‍
എഡിറ്റര്‍
ഗോവ സ്‌ഫോടനത്തിലെ പ്രതികളെ അന്വേഷിച്ച് എന്‍.ഐ.എ സംഘം കേരളത്തിലും
എഡിറ്റര്‍
Wednesday 6th June 2012 4:15pm

ന്യൂദല്‍ഹി: 2009 ഗോവ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.

തമിഴ്‌നാട്, കര്‍ണാടക, കേരള എന്നിവിടങ്ങളില്‍ പ്രതികള്‍ ഒളിച്ചുകഴിയുകയാണെന്നാണ് എന്‍.ഐ.എയ്ക്ക് ലഭിച്ച സൂചന. ഇവിടങ്ങളിലെ പോലീസിന്റെയും ഇന്റലിജന്‍സിന്റെയും സഹായത്തോടെ പ്രതിയെ ഉടന്‍ പിടികൂടണമെന്നാണ് എന്‍.ഐ.എ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദേശം.

2009 ഒക്ടോബര്‍ 16 ദീപാവലി ദിനത്തിലായിരുന്നു ഗോവയില്‍ സ്‌ഫോടനം നടന്നത്. ഇരുചക്രവാഹനത്തില്‍ ഒളിപ്പിച്ചുവെച്ച സ്‌ഫോടനവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ 12 അംഗസംഘമാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.

പൊട്ടിത്തകര്‍ന്ന മോട്ടോര്‍സൈക്കിളില്‍ രണ്ടുപേരുണ്ടായിരുന്നു. മല്‍ഗോണ്ട പാട്ടീലും യോഗേഷ്പാട്ടീലും. ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതിലും പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ എന്‍.ഐ.എയ്ക്ക് വ്യക്തമായി. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മറ്റ് സ്ഥലങ്ങളിലെത്തി ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളുണ്ടായിരുന്ന ഇവര്‍ പിന്നീട് മരിക്കുകയായിരുന്നു.

ആരോപണവിധേയരായ പത്ത് പേരില്‍ ആറുപേരെ എന്‍.ഐ.എ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പനാജി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജയപ്രകാശ് ഉള്‍പ്പെടെയുള്ള നാല് പേരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഒളിവില്‍ കഴിയുന്നവര്‍ തെക്കന്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് തിങ്കളാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. കാസര്‍കോടിലെ തേനിയില്‍ ജയപ്രകാശ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആര്‍. രുദ്ര പാട്ടീല്‍, സാരംഗ് അകോല്‍കര്‍, പ്രവീണ്‍ ലിംകാര്‍ എന്നിവരാണ് പിടികിട്ടാനുള്ള മറ്റ് പ്രതികള്‍. ഇവര്‍ കേരളത്തിലും കര്‍ണാടകയിലുമായി ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Advertisement