Categories

എന്‍.ഐ.എ മുന്‍ മേധാവി രാജു വിനോദ് രാജു അന്തരിച്ചു

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധ വിനോദ് രാജു അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.40ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു.

ഗുരുതരമായ ന്യൂമോണിയ ബാധിച്ച് ഈ ജനുവരി മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. നെഞ്ചില്‍ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

ജമ്മു കാശ്മീര്‍ കേഡറില്‍ 1975 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ അദ്ദേഹം മട്ടാഞ്ചേരി സ്വദേശിയാണ്. രാജു 2009 ജനുവരി 19നാണ് എന്‍.ഐ.എയുടെ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്. എന്‍.ഐ.എ തലവന്‍ ആകുന്നതിന് മുമ്പ് ജമ്മു കാശ്മീരിന്റെ വിജിലന്‍സ് വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു.

രാജീവ് ഗാന്ധി വധം, കാണ്ടഹാര്‍ വിമാന റാഞ്ചല്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകള്‍ രാജു അന്വേഷിച്ചിട്ടുണ്ട്. സി.ബി.ഐയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാശ്മീരില്‍ വിജിലന്‍സ് വിഭാഗത്തിനു ദിശാബോധം നല്‍കിയതു രാജുവാണ്. സംസ്ഥാനത്തു മന്ത്രിയായിരുന്ന മൗലവി ഇഫ്തിഖര്‍ ഹുസൈന്‍ അന്‍സാരി നടത്തിയ ക്രമക്കേടുകള്‍ വെളിച്ചത്തു കൊണ്ടുവന്നത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

ഭാര്യ: അച്ചാമ്മ, മക്കള്‍: വേണു (ദല്‍ഹി), സിന്ധു(ലണ്ടന്‍).

Tagged with: |