ന്യൂദല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയെ എന്‍.ഐ.എ അറസ്റ്റുചെയ്തു. 2007 ഫെബ്രുവരിയില്‍ സംഝോത എക്‌സ്പ്രസില്‍ ബോംബുവച്ചെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. ഇന്‍ഡോറില്‍ താമസിക്കുന്ന കമാല്‍ ചൗഹാന്‍ എന്നയാളാണ് അറസ്റ്റിലായത്.

കേസിലെ പ്രധാനപ്രതികളായ സന്ദീപ് ദാഗേ, കലാശാഗ്ര എന്നിവരുടെ അടുത്ത സഹായിയാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ചൗഹാന്‍ ഈ കേസില്‍ രണ്ടാം പ്രതിയാണ്.

Subscribe Us:

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കലാശാഗ്രയെയും ദാഗേയെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍.ഐ.എ കരുതുന്നത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നയാള്‍ക്ക് പത്ത്‌ലക്ഷം രൂപ എന്‍.ഐ.എ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

കമാല്‍ ചൗഹാനെ ചോദ്യം ചെയ്തുവരികയാണെന്നും ഇന്ന് ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.

കേസില്‍ സ്വാമി അസീമാനന്ദ, സാഥ്വി പ്രഖ്യാ, സുനില്‍ ജോഷി, സന്ദീപ് ദാഗേ, ലോകേഷ് ശര്‍മ, രാമചന്ദ്ര കലാസാന്‍ഗ്ര എന്നിവര്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ലോകേഷ് ശര്‍മ നേരത്തെത്തന്നെ അറസ്റ്റിലായിരുന്നു. സുനില്‍ ജോഷി മരണപ്പെട്ടു. അവശേഷിക്കുന്നവരില്‍ സന്ദീപ് ദാഗേയും രാമചന്ദ്ര കലാശാഗ്രയും ഒളിവിലാണ്.

നാലു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അസിമാനന്ദയും സുനില്‍ ജോഷിയുമടക്കം അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു. അസിമാനന്ദയും മറ്റൊരു പ്രതിയും അംബാല ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

2007 ഫെബ്രുവരി 8നാണ് സംഝോത എക്‌സ്പ്രസ് സ്‌ഫോടനമുണ്ടായത്. ഏകദേശം 68 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 43 പേര്‍ പാക്കിസ്ഥാനികളായിരുന്നു.

Malayalam News

Kerala News In English